മാടാക്കര പള്ളിയിലുണ്ടായ ലാത്തിചാർജ് : പൊലീസിനെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി



കോഴിക്കോട്: വടകര കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ ലാത്തിചാർജ് അടക്കമുള്ള നടപടികളിൽ പൊലീസിനെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്തി. പള്ളിയിലുണ്ടായ പൊലീസ് ഇടപെടൽ അനാവശ്യമായിരുന്നു എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. സമയബന്ധിതമായ പൊലീസ് ഇടപെടൽ കാരണം മാത്രമാണ് പ്രദേശത്ത് ഉണ്ടാകുമായിരുന്ന വലിയൊരു സംഘർഷം ഒഴിവാക്കാനും സാഹചര്യം ശാന്തമാക്കാനും സാധിച്ചതെന്നും കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അനുരഞ്ജന സാധ്യതകൾ അടഞ്ഞതോടെയാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. പൊലീസുകാരെ സ്ഥലം മാറ്റിയ നടപടി ശരിയായില്ല. നിയമപാലകരെ ശിക്ഷിക്കുകയല്ല, നിയമം ലംഘിച്ച് ആരാധന തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. പൊലീസ് പള്ളിക്കകത്ത് ബൂട്ടിട്ട് കയറിയതിനെ വിമര്‍ശിച്ച മുസ്ലിംലീഗും സി പി എമ്മും യാഥാര്‍ത്ഥ്യം മനസിലാക്കിയിട്ടില്ലെന്നും മഹല്ല് കമ്മിറ്റി അഭിപ്രായപ്പെട്ടു. പള്ളിയിലെ പൊലീസ് ഇടപെടലിൽ ആഭ്യന്തര വകുപ്പിന്റെ നടപടിക്ക് പിന്നാലെയാണ് മഹല്ല് കമ്മിറ്റി പൊലീസിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. പള്ളിയിലെ സംഭവങ്ങളുടെ പേരിൽ ചോമ്പാല സ്റ്റേഷനിലെ എസ് ഐ ഷമീൽ അടക്കം അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال