പ്രതിഷേധങ്ങൾക്കൊടുവിൽ രാഹുൽ മാങ്കൂട്ടത്തിലിനായി ഭീഷണി മുഴക്കിയവർക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. പരാതി നൽകി മുപ്പത് ദിവസം പിന്നിട്ടിട്ടും പൊലീസ് കേസെടുക്കാത്തിൽ പരാതിക്കാരനായ യുവാവ് പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
ആലപ്പുഴ മാവേലിക്കര സ്വദേശി അരുൺ ശിവൻകുട്ടിയുടെ പരാതിയാണ് പ്രതിഷേധങ്ങൾക്കൊടുവിൽ പൊലീസ് സ്വീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാതിയിൽ മറ്റൊരു കേസിൽ അരുൺ പത്തനംതിട്ട സൈബർ സ്റ്റേഷനിൽ മൊഴി നൽകാൻ എത്തിയിരുന്നു. സൈബർ സ്റ്റേഷന്റെ പുറത്ത് എത്തിയപ്പോൾ അരുണിനെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അനുയായികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വധഭീഷണി മുഴക്കുന്നത് വീഡിയോ കോൾ വഴി രാഹുലിനെ കാണിച്ചതായും അരുൺ പറഞ്ഞു.
അരുൺ ഇമെയിൽ മുഖേന പൊലീസിന് പരാതി നൽകിയിരുന്നു. പരാതി നൽകി 30 ദിവസം പിന്നിട്ടിട്ടും പൊലീസ് കേസെടുത്തില്ല. ഇതോടെയാണ് നീതി തേടി പൊലീസ് സ്റ്റേഷനു മുമ്പിൽ പ്രതിഷേധമായി അരുൺ എത്തിയത്. പ്രതിഷേധങ്ങൾക്കൊടുവിൽ പത്തനംതിട്ട പൊലീസ് അരുണിൻ്റെ പരാതിയിൽ കേസെടുത്തു.