പരവൂർ: പാചകവാതക സിലിണ്ടറുകൾ ഇനിമുതൽ പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റമാർട്ട് വഴിയും ഉപഭോക്താക്കളുടെ വിരൽത്തുമ്പിലെത്തും. ഇന്ത്യയിലാദ്യമായാണ് ആവശ്യാനുസരണം അതിവേഗത്തിൽ എൽപിജി. സിലിണ്ടറുകൾ എത്തിച്ചുനൽകുന്ന സേവനം ഒരു ക്വിക്ക് കൊമേഴ്സ് ആപ്പ് വഴി നടപ്പാക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ആണ് ഈ വിപ്ലവകരമായ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. നിലവിൽ ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പ്രദേശത്ത് ഇന്നലെ മുതൽ പൈലറ്റ് അടിസ്ഥാനത്തിൽ ഈ സേവനം ആരംഭിച്ചു.
അടുത്തിടെ ഹിന്ദുസ്ഥാൻ പെട്രോളിയം വിപണിയിലിറക്കിയ പത്തു കിലോഗ്രാമിന്റെ കോമ്പോസിറ്റ് എൽപിജി സിലിണ്ടറായ എച്ച്പി നവ്യയും നിലവിലുള്ള അഞ്ച് കിലോഗ്രാമിന്റെ ചെറിയ ലോഹ സിലിണ്ടറുമാണ് ഉപഭോക്താക്കൾക്ക് ഇൻസ്റ്റമാർട്ടിലൂടെ ഓർഡർ ചെയ്യാൻ സാധിക്കുക. ആപ്പിലൂടെ സിലിണ്ടർ ഓർഡർ ചെയ്താൽ ഉടനടി അത് വീട്ടുപടിക്കൽ എത്തും.
ഇൻസ്റ്റമാർട്ട് വഴി സിലിണ്ടറുകൾ ഓർഡർ ചെയ്യുന്നതിനായി ഉപഭോക്താക്കൾക്ക് നിലവിൽ ഗാർഹിക എൽപിജി കണക്ഷൻ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. അതേസമയം, ആദ്യമായി ഇത്തരത്തിൽ സിലിണ്ടർ വാങ്ങുന്നവർ ആവശ്യമായ തിരിച്ചറിയൽ രേഖകൾ ആപ്പിൽ സമർപ്പിക്കേണ്ടതാണ്. ഇതിന് ശേഷമുള്ള അടുത്ത ഓർഡറുകൾ സാധാരണ റീഫില്ലായാവും കണക്കാക്കുക. പുതിയ സിലിണ്ടർ കൊണ്ടുവരുമ്പോൾ ഉപഭോക്താവിന്റെ കൈവശമുള്ള കാലിയായ എച്ച്പിസിഎൽ സിലിണ്ടർ ഡെലിവറി ഏജന്റ് തന്നെ തിരികെ കൊണ്ടുപോകും
വിദ്യാർഥികൾ, ഐടി ജീവനക്കാർ ഉൾപ്പെടെയുള്ള ജോലി ആവശ്യങ്ങൾക്കായി എത്തുന്നവർ, വാടകയ്ക്ക് താമസിക്കുന്നവർ, ചെറുകുടുംബങ്ങൾ, ഒരിടത്ത് താല്ക്കാലികമായി താമസിക്കാനെത്തുന്നവർ എന്നിവരെയാണ് എച്ച്പിസിഎൽ പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇൻസ്റ്റമാർട്ടിലൂടെ ഓർഡർ ചെയ്യപ്പെടുന്ന സിലിണ്ടറുകൾ ഉപഭോക്താവിലേക്ക് എത്തിക്കുന്നത് എച്ച്പിസിഎല്ലിന്റെ അംഗീകൃത വിതരണ ശൃംഖലയിലൂടെ മാത്രമായിരിക്കും. പരിശീലനം ലഭിച്ച ജീവനക്കാർ കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടായിരിക്കും സിലിണ്ടറുകൾ ഡെലിവറി ചെയ്യുകയെന്നും അധികൃതർ വ്യക്തമാക്കി.
പരമ്പരാഗതമായ കനത്ത ഇരുമ്പ് സിലിണ്ടറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി എച്ച്പിസിഎൽ. അവതരിപ്പിച്ച അത്യാധുനിക കോമ്പോസിറ്റ് എൽപി..ജി. സിലിണ്ടറാണ് നവ്യ. സാധാരണ ലോഹ സിലിണ്ടറുകളെ അപേക്ഷിച്ച് ഭാരം വളരെ കുറഞ്ഞ ഇവയ്ക്ക് ഒരിക്കലും തുരുമ്പ് പിടിക്കുകയില്ലെന്ന പ്രത്യേകതയുണ്ട്. കരുത്തുറ്റ ഫൈബർ ഗ്ലാസ്, പോളിമർ/പ്ലാസ്റ്റിക് റെസിൻ എന്നിവ കൊണ്ടാണ് ഇതിന്റെ നിർമാണം. അകത്ത് പാചകവാതകം ശേഖരിക്കുന്ന ഭാഗം പോളിമർ ലൈനർ കൊണ്ടും പുറംഭാഗം ശക്തമായ പ്ലാസ്റ്റിക് കവചം കൊണ്ടുമാണ് സംരക്ഷിച്ചിരിക്കുന്നത്.
സിലിണ്ടറിന്റെ ഒരു ഭാഗം അർധസുതാര്യമായതിനാൽ ഉപഭോക്താക്കൾക്ക് സിലിണ്ടറിലെ പാചകവാതകത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് പുറത്തുനിന്ന് നോക്കിത്തന്നെ മനസിലാക്കാം. ഗ്യാസ് പെട്ടെന്ന് തീർന്നുപോകുന്ന അവസ്ഥ ഒഴിവാക്കാൻ ഇത് സഹായിക്കും. ഈ പുത്തൻ നവ്യ സിലിണ്ടറുകളുടെ പ്രചാരം വർധിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഇൻസ്റ്റമാർട്ടുമായുള്ള എച്ച്പിസിഎല്ലിന്റെ പുതിയ പങ്കാളിത്തം.