മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയര്‍ റിസോഴ്സ് പേഴ്സണായി നിയമിച്ചതിലും സ്ഥലം മാറ്റത്തിലും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി


കൊല്ലം: മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയര്‍ റിസോഴ്സ് പേഴ്സണായി നിയമിച്ചതിലും സ്ഥലം മാറ്റത്തിലും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടമാണ് ടി.എം. അരുണിനെതിരെ പരാതി നല്‍കിയത്. എംടെക്കുകാരനായ തനിക്ക് മെറിറ്റില്‍ കിട്ടിയ ജോലി വിവാദമാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമെന്നാണ് അരുണിൻ്റെ പ്രതികരണം.

2023ലാണ് ജെ.മേഴ്സിക്കുട്ടിയമ്മയുടെ മകന്‍ ടി.എം അരുണിന് ജൂനിയര്‍ റിസോഴ്സ് പേഴ്സണായി നിയമനം ലഭിച്ചത്. ജില്ലകളിലെ മെഗാ പദ്ധതികളുടെ ഏകോപനത്തിനായി ജില്ലാ വികസന കമ്മീഷണറുടെ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവരെ സഹായിക്കുന്നതിന് വേണ്ടി ആയിരുന്നു ജൂനിയർ റിസോഴ്സ് പേഴ്സൺമാരുടെ നിയമനം. ആലപ്പുഴ ജില്ലയിലാണ് ആദ്യം അരുണിന് നിയമനം ലഭിച്ചത്. കൊല്ലത്ത് സമാന തസ്തികയിൽ ജോലി ചെയ്തയാൾ അപകടത്തില്‍ മരിച്ചതിനെ തുടർന്ന് അരുണിന്റെ അപേക്ഷ പ്രകാരം സ്വന്തം ജില്ലയിലേക്ക് മാറ്റി. ഇതിനിടെ ഡി ഡി സി തസ്തിക സബ് കളക്ടർക്ക് കൈമാറി. ഡിഡിസി ഇല്ലാത്തപ്പോള്‍ എന്തിന് ജെആര്‍പിയെന്നും തസ്തിക തന്നെ ചിലര്‍ക്ക് വേണ്ടി സൃഷ്ടിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കരാര്‍ ജീവനക്കാരന്‍റെ സ്ഥലം മാറ്റവും അന്വേഷിക്കണമെന്നാണ് ആവശ്യം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال