എട്ടാംക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രിൻസിപ്പാളുമായി ചർച്ച നടത്തിയതായും ആരോപണ വിധേയരായ അധ്യാപകർക്ക് മെമ്മോ നൽകും എന്ന് അറിയിച്ചതായും എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് ആദിൽ പറഞ്ഞു. 10 ദിവസത്തിനകം ആഭ്യന്തര അന്വേഷണം നടത്തും, തുടർന്ന് കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി ഉണ്ടാകും. കുറ്റം ചെയ്തു എന്ന് കണ്ടെത്തിയാൽ അവരെ മാറ്റി നിർത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. 10 ദിവസം സമയം എസ്‌എഫ്ഐ സ്കൂളിന് അനുവദിക്കുന്നു. അതിന് ശേഷം നടപടി ഉണ്ടായില്ലെങ്കിൽ എസ്‌എഫ്ഐയുടെ ഒരു വരവ് കൂടി സ്കൂളിലേക്ക് ഉണ്ടാകും. തേജസിന് നീതി കിട്ടാൻ ഏത് അറ്റം വരെയും എസ്‌എഫ്ഐ പോകും എന്നും ആദിൽ പറഞ്ഞു.
തേജസ് മരിക്കാൻ ഇടയായ സാഹചര്യം അറിയില്ല എന്നാണ് സിസ്റ്റർ ജസ്‌മി തോമസ് പ്രതികരിച്ചത്. സ്കൂൾ ഇല്ലാത്ത ദിവസമാണ് കുട്ടി ആത്മഹത്യ ചെയ്തത്. ടിസി ആവശ്യപ്പെട്ടിരുന്നു, അത് നൽകാമെന്നും പറഞ്ഞിരുന്നു. മോറൽ സയൻസ് പരീക്ഷ എഴുതിയാലേ ടീസി നൽകു എന്ന് പറഞ്ഞിട്ടില്ല. ടിസിയിൽ റെഡ് മാർക്ക് ഇടും എന്നും പറഞ്ഞിട്ടില്ല എന്നാണ് ഇവർ വാദിക്കുന്നത്.
അതേസമയം തേജസിന്റെ ആത്മഹത്യ അധ്യാപകരുടെ പീഡനംമൂലമാണെന്ന് പരാതി. തേജസിന്റെ അച്ഛൻ ചിരട്ടമണ്ണ പൂങ്ങോട്ടിൽ ഹരീഷാണ് സ്കൂളിലെ അധ്യാപകർക്കെതിരെ വ്യാഴാഴ്ച ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈമാസം രണ്ടിനാണ് തേജസിനെ വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.