കാസർകോടിന്റെ റെയിൽവേ യാത്ര ക്ലേശത്തിന് പരിഹാരം കാണാൻ റെയിൽവേ മാസ്റ്റർ പ്ലാനുമായി ജില്ലാ ഭരണകൂടം


കാസർകോ‍‍ട്: കാസർകോടിന്റെ റെയിൽവേ യാത്ര ക്ലേശത്തിന് പരിഹാരം കാണാൻ റെയിൽവേ മാസ്റ്റർ പ്ലാനുമായി ജില്ലാ ഭരണകൂടം. 18 ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്നും സൂപ്പർഫാസ്റ്റുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് ആവശ്യം. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചു. വടക്കൻ കേരളത്തിലെ ജനങ്ങൾ നേരിടുന്ന ദീർഘകാലത്തെ റെയിൽവേ യാത്രാക്ലേശങ്ങൾക്ക് പരിഹാരം കാണുന്നതിനായാണ് കാസർകോട് ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ.

കണ്ണൂർ, മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്ന 18 ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്നാണ് പ്രധാന ആവശ്യം. സ്റ്റോപ്പില്ലാത്ത പ്രധാന ട്രെയിനുകൾക്ക് കാസർകോട് സ്റ്റോപ്പ് അനുവദിക്കുക, നിർത്തലാക്കിയ പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കുക തുടങ്ങിയവയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവത്തർക്ക് അയച്ച ഔദ്യോഗിക കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

യാത്രക്കാരുടെ എണ്ണം, കണക്റ്റിവിറ്റി കുറവ്, രാത്രികാല യാത്രാ ബുദ്ധിമുട്ടുകൾ, തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും രോഗികൾക്കും നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ എന്നിവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവയെല്ലാം കത്തിൽ പരാമർശിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ ചർച്ച ചെയ്യുന്നതിനും റെയിൽവേ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതിനും ജില്ലാ ഭരണകൂടം പൂർണ്ണ സന്നദ്ധമാണെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. അനുകൂലമായ നിലപാട് ഇന്ത്യൻ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ പ്രതീക്ഷ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال