സർക്കാർ ഫണ്ട് സ്വന്തം പോക്കറ്റിലാക്കിയ കേസ്: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ


തിരുവനന്തപുരം: ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ വില്ലേജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസറെ വിജിലന്‍സ് കോടതി കഠിന തടവിനും പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം വിതുര ഗ്രാമപഞ്ചായത്തിലെ മുന്‍ വിഇഒയും നെട്ടയം സ്വദേശിയുമായ എസ്.ജി ദിനുവിനെയാണ് (41) തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജ് എ. മനോജ് 45 വര്‍ഷം കഠിന തടവിനും 6,35,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. 2012 - 15 കാലഘട്ടത്തില്‍ വിതുര പഞ്ചായത്തില്‍ വില്ലെജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസറായിരിക്കെ വിവിധ വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്നും 13,80,000 രൂപ ദിനു സ്വന്തം ആവശ്യങ്ങള്‍ക്കായി തട്ടിയെടുക്കുകയായിരുന്നു.

ഓഡിറ്റ് വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി അക്കൗണ്ട് ബുക്കുകളില്‍ തിരുത്തലുകള്‍ വരുത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തു. സംഭവത്തില്‍ വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് -1 രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.അമ്പൂരി ഗ്രാമപഞ്ചായത്തില്‍ വിഇഒ ആയിരിക്കെ നടത്തിയ മറ്റൊരു സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് 2023ല്‍ രജിസ്റ്റ് ചെയ്ത കേസില്‍ പ്രതി നിലവില്‍ സസ്‌പെന്‍ഷനിലായിരുന്നു.വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് - 1 മുന്‍ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ബി. ഉദയകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ബി. അനില്‍കുമാര്‍, എസ്. അനില്‍കുമാര്‍, എച്ച്. അനില്‍കുമാര്‍, വി.എസ്. റിജു എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ പൊലിസ് സൂപ്രണ്ട് കെ.ഇ. ബൈജുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണ സതീശന്‍ കോടതിയില്‍ ഹാജരായി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال