തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പ് തുടരുന്നു. യെല്ലോ അലര്‍ട്ട് ആണ് ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
ശനിയാഴ്ച പാലക്കാട് 40.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസമുണ്ടായേക്കും. ഏപ്രിൽ അവസാന വാരത്തോട് കൂടി വേനൽമഴ ശക്തമായേക്കും.
വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്ന എതിർ ചക്രവാതമാണ് ഈ ദിവസങ്ങളിൽ താപനില ഇത്രത്തോളം ഉയരാൻ കാരണമായത്. ഇതാണ് രാത്രി സമയത്ത് പോലും അന്തരീക്ഷം തണുക്കാതിരിക്കുന്നതിന് കാരണം.