സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: ജയസൂര്യയെ സാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ച് ഇഡി


കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ സാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ച് ഇഡി. കേസിൽ ജയസൂര്യ പ്രതിയാകില്ല. കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിരുന്നു. സേവ് ബോക്സ് ആപ്പ് ബ്രാൻഡ് അംബാസിഡർ ആണ് ജയസൂര്യ. കരാറിനേക്കാൾ കൂടിയ തുക ജയസൂര്യയുടെ അക്കൗണ്ടിലെത്തിയെന്നും കമ്പനി ഉടമകൾ തട്ടിപ്പിലൂടെ നേടിയ കള്ളപ്പണമാണിതെന്നും വിശദീകരിച്ചാണ് ഇഡി ജയസൂര്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. 

സേവ് ബോക്സ് ഡോട്ട്. ഇൻ എന്ന സ്റ്റാർട്ട് അപ് കമ്പനി രൂപീകരിച്ച് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം നടപടി ശക്തമാക്കിയത്. തട്ടിപ്പ് പണം നിരവധി അക്കൗണ്ടിലേക്ക് പ്രതികൾ മാറ്റിയതായി ഇഡി പരിശോധനയിൽ കണ്ടെത്തിയിരുന്നു. തൃശ്സൂർ സ്വദേശി സ്വാതിക് റഹ്മാന്‍റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ട്രേഡിംഗ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു നടൻ ജയസൂര്യ. ജയസൂര്യയുടെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടിലേക്ക് കമ്പനിയിൽ നിന്ന് 90 ലക്ഷത്തിലേറെ രൂപ എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് വേതനമെന്നായിരുന്നു ജയസൂര്യയുടെ വാദം.

എന്നാൽ കമ്പനിയുമായുണ്ടാക്കിയ കരാറിനേക്കാൾ കൂടിയ തുക അക്കൗണ്ടിലെത്തിയെന്ന് ഇഡി കണ്ടെത്തി. ഇതിന് കൃത്യമായ രേഖകൾ ഹാജരാക്കാൻ ജയസൂര്യക്ക് കഴിഞ്ഞില്ല. നടന് വേതനമായി നൽകിയത് തട്ടിപ്പിലൂടെ നേടിയ കള്ളപ്പണമെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് അധികമായി കണ്ടെത്തിയ 39 ലക്ഷം രൂപയ്ക്ക് തുല്യമായ സ്വത്തുക്കൾ കണ്ടുകെട്ടിയത്. കേസിൽ രണ്ട് വട്ടം ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال