ജല - വൈദ്യുതി വിതരണംവകാശം നിലനിർത്തുന്നത് കൊണ്ട് കോർപ്പറേഷനും നഗരവാസികൾക്കും എന്താണ് നേട്ടമെന്നത് പഠന വിധേയമാക്കണമെന്നും അതേസമയം അവ സംരക്ഷിക്കാൻ ഗൗരവമായ ചിന്തയും നടപടികളും വേണമെന്നും ബിജെപി പാർലമെൻററി പാർട്ടി നേതാവ് രഘുനാഥ് സി മേനോൻ.
കോർപ്പറേഷൻ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം നോക്കിയല്ല വികസന കാഴ്ചപ്പാടും പദ്ധതികളും നോക്കിയാണ് ബിജെപി നിലപാടെന്നും തെറ്റുകൾ ചെറുക്കുന്നതോടൊപ്പം നല്ല പ്രവർത്തനങ്ങൾക്ക് പിന്തുണ ഉണ്ടാകുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
അമൃതം പദ്ധതിയിൽ കോർപ്പറേഷൻ 600 കോടി ചിലവിട്ടിട്ടും നഗരത്തിൽ കുടിവെള്ളമില്ല. കിട്ടുന്നതാകട്ടെ ചെളിവെള്ളവും. കോർപ്പറേഷൻ വെള്ളം ഉദ്പാദിപ്പിച്ചും വിതരണ സംവിധാനം ഉണ്ടാക്കി നൽകിയും അതോറിറ്റിക്ക് ആ സിന കൂട്ടുകയും വെള്ളം വിറ്റ് പണമുണ്ടാക്കാൻ സഹായിക്കുകയുമാണ്.
വൈദ്യുതി വിതരണ അവകാശം ഉണ്ടെങ്കിലും നഗരസഭയുടെ കെട്ടിടങ്ങൾക്കും തെരുവ് വിളക്കുകൾക്കും വൈദ്യുതി ചാർജ് പോലും കോർപ്പറേഷൻ വഹിക്കണം. സേവനങ്ങൾക്കും ചിലവ് വഹിക്കണം. സേവന നിരക്കുകളും ബോർഡിലേതിനേക്കാൾ അധികം ജനങ്ങൾ നൽകണം.
ആവശ്യത്തിലേറെ ജീവനക്കാരെ വെച്ച് വൈദ്യുതി വിഭാഗം എങ്ങനെ ലാഭകരമായി നിലനിർത്തുമെന്ന് പരിശോധികണം. 35000 മെഗാവാട്ട് ശേഷിയുള്ള ഡൽഹിയിൽ റിലയൻസ് ആണ് വൈദ്യുതി വിതരണം. 2500 സ്ഥിരം ജീവനക്കാർ ഉൾപ്പെടെ ആകെ 8500 ജീവനക്കാരെയുള്ളൂ. അതേസമയം 5000 മെഗാവാട്ട് ഉപഭോഗമുള്ള കെഎസ്ഇബിക്ക് പോലും 30,000 ജീവനക്കാരുണ്ട്. കെഎസ്ഇബിയെ മാനദണ്ഡമാക്കിയ കോർപ്പറേഷൻ ആകട്ടെ കെഎസ്ഇബിയിൽ ആവശ്യമായതിനെക്കാൾ മൂന്നിരട്ടി ജീവനക്കാരുണ്ട്.
കെഎസ്ഇബി നൽകുന്ന നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ സാധ്യത പരിശോധിക്കുന്നില്ല. സോളാറും വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. ഈ നിലയിൽ എങ്ങനെ മുന്നോട്ടു പോകും എന്നതാണ് പ്രധാനം.
അമൃതം പദ്ധതിയിൽ കേന്ദ്രം 600 കോടിയും വൈദ്യുതി പദ്ധതികൾക്ക് 135 കോടിയും സുരേഷ് ഗോപി എം പി ഫണ്ടിൽനിന്നും 1.22 കോടിയും നൽകിയിട്ടും ഒന്നും നൽകുന്നില്ല എന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. കിട്ടിയ പണം പ്രയോജനപ്പെടുത്തുന്നില്ലെതാണ് സ്ഥിതി.
നികുതി കൊള്ള കേസിൽ സുപ്രീംകോടതി വിധി ഹരിജിക്കാരായ 198 പേർക്ക് മാത്രമാണോ അതോ മുഴുവൻ ജനങ്ങൾക്കും ബാധകമാണോ എന്നതിൽ സെക്രട്ടറി വിശദീകരണം നൽകണം' വസ്തു നികുതി വിജ്ഞാപനം റദ്ദാക്കി വ കോടതിവിധി വിധി നടപ്പാക്കാതെ ഇപ്പോഴും നികുതി പിരിവ് നിയമവിരുദ്ധമായി തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മറുപടി പറയേണ്ട ബാധ്യത കൗൺസിലർമാർക്കുമുണ്ട്.
വടക്കുന്നാഥൻ ക്ഷേത്ര മൈതാനം പരിപാലനത്തിന് കോർപ്പറേഷനും ദേവസ്വംബോർഡും ഹൈക്കോടതി അംഗീകാരത്തിന് വിധേയമായി ഉണ്ടാക്കിയ കരാർ നഗരസഭ പാലിക്കുന്നില്ല. വെള്ളം, വെളിച്ചം, റോഡ്, കാന, ശുചീകരണം എന്നീ ചുമതലകൾ കരാർ അനുസരിച്ച് നഗരസഭയ്ക്ക് ആയിട്ടും കരാർ പാലിക്കാതെ അവഗണിക്കുകയാണ് നഗരസഭ. കരാർ പാലിച്ച് സൗന്ദര്യവൽക്കരണം നടപ്പാക്കാൻ ചർച്ച നടത്തണം.
വടക്കുന്നാഥൻ ക്ഷേത്ര മൈതാനത്തിന് ചുറ്റുമുള്ള പരസ്യ ബോർഡുകളുടെ തൂണുകൾ മൈതാന അതിർത്തിയിലും പരസ്യബോർഡുകൾ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഇന്നർ ഫുട്പാത്തിൽ ആണെന്നും നഗരസഭ അറിയാതെയുള്ള കയ്യേറ്റത്തിൽ നടപടിയെടുക്കണം.
നഗര വികസനത്തിൽ ഏറെ സംഭാവന ചെയ്ത വടക്കേ കുറുപ്പത്ത് പാറുക്കുട്ടി അമ്മ നേ ത്യാരുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിക്കണം.
ലാൻ്റ് പൂളിങ്ങ് സംവിധാനത്തിൽ രാജ്യത്ത് ആദ്യം നഗര വികസന പദ്ധതി നടപ്പാക്കിയത് തൃശൂരിലാണ്. കണ്ണംകുളങ്ങരയിലും കോവിലകത്തും പാടത്തും. ആ മാതൃകയിൽ പുഴക്കൽ പാടം ഉൾപ്പെടെ സാധ്യമായ സ്ഥലങ്ങളിൽ ലാൻഡ് പൂളിംഗ് പദ്ധതി നടപ്പാക്കാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഡ്ജറ്റ് ചർച്ചയിൽ കൗൺസിലർമാരായ പൂർണിമാ സുരേഷ് കൃഷ്ണ മോഹൻ പത്മിനി ഷാജി മുംതാസ് ചിഞ്ചു രേഷ്മ മേനോൻ വിനോദ് കൃഷ്ണ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.