പാഠ പുസ്തകങ്ങളുടെയും യൂണിഫോമിന്റെയും സംസ്ഥാനതല വിതരണ ഉദ്ഘാടനം ഫെബ്രുവരി 13 ന്വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് സ്കൂളിൽ വച്ച് നിർവഹിക്കും. 2026-27 അദ്ധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ 2025 സെപ്റ്റംബർ മാസം തന്നെ ആരംഭിച്ചിരുന്നു.
സ്റ്റോർ പർച്ചേയ്സ് മാനദണ്ഡം അനുസരിച്ച് പാഠപുസ്തക അച്ചടി പേപ്പർ പർച്ചേയ്സ് ചെയ്യുന്നതിനായി സ്റ്റേഷണറി വകുപ്പിനെയും പാഠപുസ്തക അച്ചടി കെ.ബി.പി.എസിനെയും ചുമതലപ്പെടുത്തുകയും പാഠപുസ്തക അച്ചടിക്കായുള്ള പേപ്പർ പർച്ചേയ്സ് ചെയ്യുന്നതിനായി 111,43,48,012/- രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.
സ്റ്റേഷണറി വകുപ്പ് അച്ചടിക്കാവശ്യമായ അഞ്ച് തരം പേപ്പർ, 2 തരം കാർഡ് എന്നിവ കെ.ബി.പി.എസിന് വാങ്ങി നൽകുന്നതിനായി ഇ-ടെണ്ടർ ക്ഷണിക്കുകയും പേപ്പർ ആന്റ് ബോർഡ് ലിമിറ്റിഡിൽ നിന്നും പേപ്പറും തമിഴ്നാട് ന്യൂസ് പ്രിന്റ് ആന്റ് പേപ്പേഴ്സിൽ നിന്നും കാർഡ് ഇനങ്ങളും വാങ്ങുന്നതിനായി ആകെ 92,92,20,076/- രൂപയുടെ പർച്ചേയ്സ് അനുമതി നൽകുകയും ചെയ്തിരുന്നു.
2026-27 അധ്യയന വർഷത്തേയ്ക്കുള്ള ഇൻഡന്റിംഗ് 2025 ഡിസംബർ ആദ്യവാരം തന്നെ പൂർത്തിയാവുകയും 2025 ഡിസംബർ അവസാന വാരത്തോടെ കെ.ബി.പി.എസിന് അച്ചടി ഉത്തരവ് നൽകുകയും ചെയ്തിട്ടുണ്ട്. ഒന്നാം വാല്യത്തിന് 3.5 കോടി പാഠപുസ്തകങ്ങൾ ഇൻഡന്റ് ചെയ്തിട്ടുണ്ട്. രണ്ടാം വാല്യത്തിൽ 1.9 കോടി പാഠപുസ്തകങ്ങൾ ഇൻഡന്റ് ചെയ്തിട്ടുണ്ട്. 2025-26 അദ്ധ്യയന വർഷം ഒന്നാം വാല്യത്തിൽ 3.8 കോടി പാഠപുസ്തകങ്ങൾ, രണ്ടാം വാല്യത്തിൽ 2.16 കോടി പാഠപുസ്തകങ്ങളാണ് ഇൻഡന്റ് ചെയ്തിരുന്നത്. 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്.
68 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായതിൽ 51 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി കെ.ബി.പി.എസ് വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്. കെ.ബി.പി.എസിൽ നിലവിൽ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പുരോഗമിക്കുന്നു. 2025-26 അധ്യയന വർഷം മാർച്ച് രണ്ടാം വാരത്തോടെ വിതരണം ആരംഭിക്കുകയും മെയ് അവസാനത്തോടെ വിതരണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും ആണ് ഇവ. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ.പി, യു.പി സർക്കാർ സ്കൂളുകളിലും, 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ.പി സ്കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നു.
കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ 8 വരെയുള്ള ഗവ ഹൈസ്കൂളിലെ എപിഎൽ വിഭാഗം ആണ്‍കുട്ടികള്‍ക്കും , 1 മുതൽ 8 വരെയുള്ള എയ്ഡഡ് ഹൈസ്കൂളിലെ മുഴുവൻ കുട്ടികള്‍ക്കും ഇതോടൊപ്പം 1 മുതൽ 5 വരെയുള്ള എയ്ഡഡ് എൽ.പി സ്കൂളിലെ മുഴുവൻ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600/-രൂപ നിരക്കിൽ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകിവരുന്നു.
ഈ രണ്ട് വിഭാഗങ്ങളിലും ഉൾപ്പെടാത്ത സർക്കാർ ഹൈസ്കൂളുകളിലെ ബിപിഎൽ ആൺകുട്ടികൾ, എസ്.സി/എസ്.ടി കുട്ടികൾ, മുഴുവൻ പെൺകുട്ടികൾ എന്നീ വിഭാഗത്തിൽ എസ്.എസ്.കെ യൂണിഫോം തുക നല്‍കുന്നു. 8,00,193 കുട്ടികൾക്ക് കൈത്തറി യൂണിഫോം വിതരണം ചെയ്യേണ്ടത് ഉണ്ട്.