സുരേഷ് ഗോപി നിരന്തരം ‘പ്രജകൾ’ എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമായ ചിന്താഗതി: എം.വി. ഗോവിന്ദൻ മാസ്റ്റർ


കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. ജനങ്ങളുമായി നേരിട്ട് സംവദിക്കുകയെന്ന ലക്ഷ്യത്തോടെ സുരേഷ് ഗോപി സംഘടിപ്പിച്ച ‘കലുങ്ക് സംവാദം’ പരിപാടിക്കിടെ, ഒരു സാധാരണക്കാരനോട് അദ്ദേഹം കാണിച്ച പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

ഒരു സാധാരണ മനുഷ്യനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത രീതിയിലാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്ന് പെരുമാറ്റം ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുരേഷ് ഗോപി നിരന്തരം ‘പ്രജകൾ’ എന്ന പദപ്രയോഗം ഉപയോഗിക്കുന്നതിലൂടെ, ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമായ ചിന്താഗതിയാണ് പ്രകടമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് ചതുർവർണ്യ വ്യവസ്ഥയുടെ തികട്ടലാണെന്നും, ബ്രാഹ്മണ്യ വ്യവസ്ഥയിലാണ് സുരേഷ് ഗോപി വിശ്വസിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

പട്ടികജാതി–പട്ടികവർഗ്ഗ വകുപ്പുകൾ സവർണ്ണർ ഭരിച്ചാൽ മാത്രമേ വികസനം സാധ്യമാകൂ എന്ന വാദമാണ് സുരേഷ് ഗോപിക്കുള്ളതെന്നും, ഇത് ഭരണഘടനാ മൂല്യങ്ങൾക്കെതിരായ സമീപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് സംവാദത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. തകർന്ന വീടിന്റെ അറ്റകുറ്റപ്പണികൾക്കായി സഹായം തേടി നിവേദനം നൽകാനെത്തിയ കൊച്ചുവേലായുധൻ എന്ന വയോധികനെ സുരേഷ് ഗോപി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തതായി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നിവേദനം നിരസിച്ചുകൊണ്ട് വയോധികനെ അപമാനിച്ച സംഭവം പൊതുസമൂഹത്തിൽ ശക്തമായ വിമർശനങ്ങൾക്കിടയാക്കി.

ഈ സംഭവത്തിന് പിന്നാലെ, സിപിഐഎം നേതൃത്വത്തിൽ കൊച്ചുവേലായുധന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയും, ഇന്ന് നിർമ്മാണം പൂർത്തിയായ വീടിന്റെ താക്കോൽദാനം നടത്തുകയും ചെയ്തുവെന്ന് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. സാധാരണക്കാരുടെ ആത്മാഭിമാനവും അവകാശങ്ങളും സംരക്ഷിക്കുകയാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال