ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതിക്കായി തെരച്ചിൽ ഊർജിതം


കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊലപാതക കേസ് പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. രാത്രിയും പുലർച്ചെയുമായി കോഴിക്കോട് നഗരത്തിൽ മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. ഇയാളെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

പെരിന്തൽമണ്ണ ദൃശ്യ കൊലപാതക കേസ് പ്രതിയായ മലപ്പുറം മഞ്ചേരി സ്വദേശി വിനീഷ് വിനോദ് തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

വിചാരണ തടവുകാരനായ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. ഇയാളെ സെല്ലിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശുചിമുറിയുടെ ചുമർ തുരന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

2021 ജൂണിലാണ് എൽഎൽബി വിദ്യാർത്ഥിനി ആയിരുന്ന ദൃശ്യയെ കൊലപ്പെടുത്തിയ കേസിൽ വിനീഷ് അറസ്റ്റിലാവുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഇയാളെ ജയിലിൽ ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് 2022ൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാക്കിയത്. രണ്ടാം തവണയാണ് ഇയാൾ ഇവിടെ നിന്നും ചാടിപ്പോകുന്നത്. അന്ന് കർണാടകയിലെ ധർമ്മസ്ഥലയിൽ വച്ചാണ് ഇയാളെ കണ്ടെത്തിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال