കൊല്ലത്ത് സർക്കാർ ആശുപത്രിയിൽ കോൺക്രീറ്റ് പാളി ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് മേൽ അടർന്നു വീണു; രക്ഷപെട്ടത് തലനാരിഴയ്ക്ക്


കൊല്ലം : ജില്ലാ ആശുപത്രിയിലെ സീലിങ്ങിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണു. ഒന്നാം നിലയിൽ ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്കും സമീപത്തെമറ്റൊരു രോഗിയുടെ കട്ടിലിന് അരികിലേക്കുമാണ് പാളികൾ പതിച്ചത്. കാലിനു ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന ശൂരനാട് സ്വദേശി ശ്യാമിന്റെ (39) കൈകളിലാണു പാളികൾവീണത്. ഇന്നലെയായിരുന്നു ശ്യാമിന്റെ ഓപ്പറേഷൻ. ശസ്ത്രക്രിയ കഴിഞ്ഞ ശ്യാമിനെ വൈകിട്ട് 3ന് വാർഡിൽ എത്തിച്ചതിന് പിന്നാലെയായിരുന്നു സംഭവം. 

ചെരിഞ്ഞു കിടന്നതിനാൽ തലനാരിഴയ്ക്ക് തലയിൽ വീഴാതെ രക്ഷപെട്ടു. സമീപത്ത് കിടന്ന ഇരവിപുരം സ്വദേശി മണിയന്റെ കട്ടിലിന് അരികിലും കോൺക്രീറ്റ് പാളികൾ വീണു. രോഗികൾ കിടക്കുന്ന ഭാഗത്തെ സീലിങ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്ന കാര്യം ജീവനക്കാരോട് അടക്കം പലതവണ രോഗികൾ പരാതി പറഞ്ഞിരുന്നു. എന്നാൽ ജീവനക്കാർ ഇത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയോ വേണ്ടവിധം ശ്രദ്ധ കൊടുക്കുകയോ ചെയ്തില്ല. അടർന്നു വീണ പാളികൾ ജീവനക്കാർ എത്തി എടുത്തു മാറ്റിയ ശേഷം രോഗിയെ മറ്റൊരു കട്ടിലിലേക്കു മാറ്റുകയായിരുന്നു. ഇതിനുമുമ്പും ഇതേ സംഭവം ആവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ഇതിന് മുമ്പ് ജില്ലാ ആശുപത്രിയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണത്. സംഭവത്തിൽ ബിജെപി പ്രതിഷേധിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال