ആലത്തൂരിൽ വയോധികയെ വീട് കയറി ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകനായ പൊരുളിപ്പാടം സുരേഷിനെ പൊലീസ് പിടികൂടി. വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇയാളെ പഴനിയിൽ നിന്നാണ് ആലത്തൂർ പൊലീസ് പിടികൂടിയത്. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത സുരേഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
കാവശേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റാണ് സുരേഷ്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പാടൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ സുരേഷ് ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ‘നീ എൻ്റെ ഭാര്യയല്ലേ’ എന്ന ആക്രോശത്തോടെയാണ് വയോധികയുടെ കഴുത്തിൽ പിടിച്ച് ഇയാൾ ലൈംഗികാതിക്രമത്തിന് ശ്രമിച്ചത് എന്നാണ് വിവരം.
നടുറോഡിലിരുന്ന് പരസ്യമായി മദ്യപിച്ച ശേഷമായിരുന്നു ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. പരസ്യമായി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം സുരേഷും ബിജെപി പ്രവർത്തകരും ചേർന്ന് ഡി വൈ എഫ് ഐയുടെ ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിരുന്നു.