കാസർഗോഡ് വാഹനാപകടത്തിൽ പൊലീസ് ജീവനക്കാരന്റെ കാൽ അറ്റു. ബോവിക്കാനം ബാവിക്കര മൂലയിലെ ബാബുരാജി(64)ന്റെ ഇടതു കാലാണ് അറ്റുപോയത്. കാസർഗോഡ് പുതിയ ബസ് സ്റ്റാന്റിന് സമീപത്താണ് അപകടം സംഭവിച്ചത്.
ബാബുരാജ് സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽ ആയിപ്പോയ സ്കൂട്ടർ 50 മീറ്ററോളം ദൂരത്തേക്ക് നിരങ്ങി നീങ്ങി.
കഴിഞ്ഞ ദിവസം പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി എഎസ്ഐയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. കൂടാതെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും ജീപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾക്കും അപകടത്തിൽ പരുക്കേറ്റു. കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഷിബുരാജ്, സിപിഒമാരായ റഷാദ്, സുജിത്ത് എന്നിവരാണ് അപടത്തിൽപ്പെട്ടത്.
കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ജീപ്പിലുണ്ടായിരുന്ന പ്രതികളായ ഷിജോ ജോൺ, ജോൺ എന്നിവരുടെ പരിക്ക് ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റ എഎസ്ഐ ഷിബുരാജിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.