മലപ്പുറം നിലമ്പൂരിൽ നടുറോഡിൽ ബസ് ജീവനക്കാരുടെ കയ്യാങ്കളി


മലപ്പുറം: മലപ്പുറം നിലമ്പൂരിൽ നടുറോഡിൽ ബസ് ജീവനക്കാരുടെ കയ്യാങ്കളി. ഓരേ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് സമയത്തെ ചൊല്ലി തമ്മിലടിച്ചത്. സംഭവത്തിൽ നിലമ്പൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്കക്ക് രണ്ടുമണിക്കാണ് സംഭവം. നിലമ്പൂര്‍ വഴി കരുളായിലേക്കും മറ്റൊരു ബസ് നിലമ്പൂര്‍ വഴി വഴിക്കടവിലേക്കും പോവുകയായിരുന്നു. ഈ രണ്ട് ബസുകളിലെ ജീവനക്കാരാണ് പൊരിവെയിലത്ത് നടുറോഡിൽ പൊതിരെ തല്ലുകൂടിയത്. നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡിന് മുൻവശത്തെ റോഡിലായിരുന്നു അടിപിടി. തര്‍ക്കം രൂക്ഷമായതോടെ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് പൊലീസുകാര്‍ സ്ഥലത്തെത്തി ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. ഇരു ബസ്സുകളിലേയും ജീവനക്കാരെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു. ആറുപേര്‍ക്കെതിരെയാണ് എഫ്ഐആറ്‍. പൊതുമധ്യത്തിൽ സംഘം ചേര്‍ന്ന് തല്ലുകൂടൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ഗതാഗത തടസ്സമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. രണ്ടു ബസുകളും പൊലീസ് കസ്റ്റഡിയിലുമെടുത്തു. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال