തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽനിന്ന് കൂടുതൽ സ്വർണക്കൊള്ള നടന്നെന്ന നിർണായക വെളിപ്പെടുത്തലുമായി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർധൻ, പങ്കജ് ഭണ്ഡാരി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് സ്വർണക്കൊള്ളയെ സംബന്ധിച്ച ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ അന്വേഷണസംഘം വെളിപ്പെടുത്തിയിരിക്കുന്നത്.
ശബരിമല ശ്രീകോവിൽ വാതിലിൻ്റെ കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിൽനിന്നും രാശിചിഹ്നങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിൽനിന്നും സ്വർണം കവർന്നിട്ടുണ്ട്. കൂടാതെ കട്ടിളയുടെ മുകൾപ്പടി ചെമ്പുപാളിയിലും കട്ടിളയ്ക്കുമുകളിൽ പതിപ്പിച്ചിട്ടുള്ള ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാമണ്ഡലത്തിലുമുള്ള സ്വർണം പതിച്ച ചെമ്പുപാളികളിലും പൊതിഞ്ഞിരുന്ന സ്വർണവും നഷ്ടമായി. ഇത്തരത്തിൽ സ്വർണം പതിച്ച ഏഴ് ചെമ്പുപാളികളിൽനിന്നുമാണ് സ്വർണം കവർന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
കേസിൽ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിൽ ചെന്നൈയിലുള്ള സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ വച്ച് രാസമിശ്രിതം ഉപയോഗിച്ചാണ് സ്വർണം വേർതിരിച്ചെടുത്തത്. ഇപ്രകാരം വേർതിരിച്ചെടുത്ത സ്വർണം പങ്കജ് ഭണ്ഡാരിയുടെയും ബല്ലാരിയിലെ ജ്വലറി ഉടമ ഗോവർധൻ്റെയും കൈവശമുണ്ടെന്നും എസ്ഐടി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിലും പട്ടിളപ്പാളിയിലും പതിപ്പിച്ചിരുന്ന സ്വർണം മാത്രമാണ് കവർച്ച നടത്തിയതെന്നായിരുന്നു ഇതുവരെയുള്ള കണ്ടെത്തൽ. എന്നാൽ ഏവരെയും അമ്പരപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ അന്വേഷണസംഘം കോടതിക്കു നൽകിയ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
ശബരിമല ശ്രീകോവിലിൻ്റെ കട്ടിളയിൽ പതിച്ചിരുന്ന 'സ്വർണം പൂശിയ ചെമ്പ് പാളികൾ' എന്നത് രേഖകളിൽ 'ചെമ്പ് പാളികൾ' എന്ന് മാത്രം രേഖപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന് വൻ നഷ്ടവും പ്രതികൾക്ക് അന്യായ ലാഭവും ഉണ്ടാക്കിയെന്നാണ് കേസ്. 2019 കാലയളവിലെ ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയും അന്നത്തെ ദേവസ്വം കമ്മിഷണറുടെ ശിപാർശയിന്മേലും 42.100 കിലോ സ്വർണം പൂശിയ പാളികൾ അനധികൃതമായി ഇളക്കിയെടുത്ത് സ്വർണം വേർതിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വേർതിരിച്ചെടുത്ത് കട്ടയാക്കി മാറ്റുകയും ദേവസ്വം ബോർഡിനെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ.
ഗൂഢാലോചനയും സ്വർണം വേർതിരിക്കലും
പ്രതികൾക്ക് അന്യായ ലാഭവും തിരുവിതാംകൂർ ദേവസ്വം ബോർഡിന് നഷ്ടവും വരുത്തണമെന്ന ഉദ്ദേശത്തോടെ, ശബരിമല ശ്രീകോവിലിൻ്റെ കട്ടിളയിൽ പതിച്ചിരുന്ന സ്വർണം പൂശിയ ചെമ്പ് പാളികൾ എന്നത് മാറ്റി ചെമ്പ് പാളികൾ എന്ന് മാത്രം രേഖപ്പെടുത്തിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. അന്നത്തെ ദേവസ്വം കമ്മിഷണർ ആയിരുന്ന മൂന്നാം പ്രതിയുടെ ശിപാർശ പ്രകാരം 18.05.2019ന് 42.100 കിലോ സ്വർണം പൂശിയ ചെമ്പ് പാളികൾ അനധികൃതമായി ഇളക്കിയെടുത്തു. ഇത് ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി വഴി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ എത്തിച്ച് രാസപ്രക്രിയയിലൂടെ സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. ഇതിൽ 409 ഗ്രാം സ്വർണം ഉൾപ്പെടെയുള്ളവ കട്ടയാക്കി മാറ്റുകയും ഒന്നാം പ്രതി രണ്ടാം പ്രതിയിൽ നിന്നും ഇത് കൈപ്പറ്റുകയും ചെയ്തു.