നടിയെ ആക്രമിച്ച കേസിലെ പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവം: അതിജീവിത പൊലീസ് അന്വേഷണം ആവശ്യപ്പെടും


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അതിജീവിത പൊലീസ് അന്വേഷണം ആവശ്യപ്പെടും. വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കോടതി കസ്റ്റഡിയിലുള്ള മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതില്‍ വസ്തുതാ പരിശോധന പൂര്‍ത്തിയായെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു വസ്തുതാ പരിശോധന.

മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ മൂന്ന് കോടതികളിലായി പരിശോധിച്ചുവെന്നാണ് ജില്ലാ ജഡ്ജിയുടെ അന്വേഷണറിപ്പോര്‍ട്ട്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണകോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വകാര്യകസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തു. മെമ്മറികാര്‍ഡ് കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചുവെന്ന അതിജീവിതയുടെ ആരോപണം പൂര്‍ണമായി ശരിവെക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال