തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായി സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ ജയിലിലെ ഡോക്ടർ വന്ന് പരിശോധന നടത്തിയശേഷമായിരിക്കും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമോ, അതോ ജയിലേക്ക് മാറ്റണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക. ഇന്നലെ വൈകുന്നേരമാണ് ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി ശങ്കരദാസിനെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അതേസമയം, തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഇന്ന് കോടതിൽ അപേക്ഷ സമർപ്പിച്ചേക്കും.
ഇതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വാങ്ങുക. 2019ല്‍ എ പത്മകുമാര്‍ പ്രസിഡന്‍റായിരുന്ന ദേവസ്വം ബോര്‍ഡ് ഭരണസമിതിയിലെ സിപിഎം പ്രതിനിധിയായിരുന്നു എന്‍ വിജയകുമാര്‍. എല്ലാ കാര്യവും തീരുമാനിച്ചിരുന്നത് പത്മകുമാറായിരുന്നു എന്നും മിനിട്‌സ് തിരുത്തിയത് അറിഞ്ഞില്ലെന്നുമാണ് വിജയകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
കഴിഞ്ഞദിവസമാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ 11ാം പ്രതിയായ കെപി ശങ്കരദാസിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്. രാത്രി അന്വേഷണ ഉദ്യോഗസ്ഥൻ എസ്‍പി ശശിധരൻ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശങ്കരദാസിന്‍റെ അറസ്റ്റ് വൈകുന്നതിനെയും ആശുപത്രിവാസത്തെയും കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മകൻ എസ്‍പിയായതുകൊണ്ടാണ് ശങ്കരദാസ് ആശുപത്രിയിൽ കഴിയുന്നതെന്നായിരുന്നു കോടതി വിമര്‍ശനം. ഇതിനുപിന്നാലെയാണ് ശങ്കരദാസിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ശങ്കരദാസിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.