കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ ക്ലർക്ക് ഷിബിനെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 35 വയസായിരുന്നു. രാവിലെ സ്കൂളിൽ എത്തിയ ഷിബിനെ ഉച്ചയോടെ കാണാതായതിനെ തുടർന്ന് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് സിസി ടിവി പരിശോധിച്ചപ്പോൾ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ച കെട്ടിടത്തിൻ്റെ രണ്ടാം നിലയിലേക്ക് ഷിബിൻ പോകുന്നത് കണ്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് ലാബിലെ ഫാനിൽ ഷിബിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പാനൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഷിബിന് സാമ്പത്തിക പ്രയാസമുണ്ടായിരുന്നതായാണ് സൂചന.