അന്വേഷണ സംഘത്തിനു മേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നു: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി ഹൈക്കോടതി


ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിൽ മാധ്യമങ്ങൾക്കെതിരെ ഹൈക്കോടതി വിമർശനം. അന്വേഷണ സംഘത്തിനു മേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നതായി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. മാധ്യമ വിചാരണയുടെ നിഴലിലല്ല അന്വേഷണം നടക്കേണ്ടത്. മാധ്യമ വിചാരണയ്ക്ക് എസ്ഐ ടി വഴങ്ങരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

ശബരിമല സ്വർണ്ണമോഷണക്കേസിൽ SIT നടത്തുന്ന അന്വേഷണത്തിൽ പൂർണ്ണ തൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള ഇടക്കാല ഉത്തരവിലാണ് മാധ്യമങ്ങൾക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിനു മേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നതായി ജസ്റ്റിസുമാരായ രാജ വിജയരാഘവൻ കെ വി ജയകുമാർ എന്നിവർ അടങ്ങുന്ന ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.
മാധ്യമ വിചാരണയുടെ നിഴലിലല്ല അന്വേഷണം നടക്കേണ്ടത്. മാധ്യമ വിചാരണയ്ക്ക് എസ്ഐ ടി വഴങ്ങരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

അന്വേഷണ പുരോഗതി പരിഗണിക്കാതെയുള്ള വിമർശനങ്ങൾ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. വിശ്വസ്തരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ് ഐ ടി രൂപീകരിച്ചത് കോടതിയാണ്. അതിനാൽ കോടതിയ്ക്കു മുന്നിൽ മാത്രമാണ് എസ് ഐ ടി മറുപടി പറയേണ്ടത്. അന്വേഷണ വിവരം മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന കോടതി നിർദേശം എസ് ഐ ടി ഉദ്യോഗസ്ഥർ കർശനമായി പാലിച്ചിട്ടും ചില മാധ്യമങ്ങൾ അന്വേഷണ സംഘത്തെ സമ്മർദ്ദത്തിലാക്കുന്ന വാർത്തകൾ ചമയ്ക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.എസ് ഐ ടിയിൽ പുതുതായി ഉൾപ്പെടുത്തിയ രണ്ടുദ്യോഗസ്ഥർക്കെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് വ്യാജപ്രചരണം നടത്തിയിരുന്നെങ്കിലും രണ്ടുപേരുടെയും പശ്ചാത്തലം പരിശോധിച്ച കോടതി അവരുടെ നിയമനം ശരിവെക്കുകയും ആവശ്യമെങ്കിൽ എസ് ഐ ടി വിപുലീകരിക്കാമെന്നും ഉത്തരവിൽ നിർദേശിക്കുകയും ചെയ്തു.

കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിനെതിരായ പ്രചാരണം ജനങ്ങളുടെ വിശ്വാസം നഷ്ടമാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.തികച്ചും പ്രൊഫഷണലായും സൂക്ഷ്മവുമായാണ് അന്വേഷണം നടക്കുന്നതെന്ന് നിരീക്ഷിച്ച ദേവസ്വം ബെഞ്ച് എസ് ഐ ടിയോട് ഭയരഹിതമായും കൃത്യതയോടെയും അന്വേഷണം തുടരാനും നിർദ്ദേശിക്കുകയായിരുന്നു.സർക്കാരിനും എസ് ഐ ടിക്കുമെതിരെ നുണപ്രചാരണം നടത്തിയ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കോടതി നിരീക്ഷണം വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال