തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാർക്കായി ഗവർണർ ഒരുക്കിയ ചായസൽക്കാരത്തിൽ നിന്ന് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ വിട്ടുനിന്നു. മേയർ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതിലുള്ള ശക്തമായ അതൃപ്തിയെത്തുടർന്നാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് വൈകുന്നേരം 3:30-നാണ് ഗവർണർ തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ അംഗങ്ങൾക്കുമായി ചായസൽക്കാരം സംഘടിപ്പിച്ചത്. കൗൺസിലിലെ 84 അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തവർ നേരത്തെ വിവരമറിയിച്ചിരുന്നുവെങ്കിലും, ആർ. ശ്രീലേഖയുടെ അഭാവത്തെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
മേയറാക്കാത്തതിലുള്ള തൻ്റെ അതൃപ്തി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആർ. ശ്രീലേഖ പരസ്യമായും രഹസ്യമായും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഇതിൻ്റെ ബാക്കിപത്രമെന്നോണം ഗവർണറുടെ ചായസൽക്കാരത്തിൽ നിന്നും വിട്ടുനിന്നുകൊണ്ട് തൻ്റെ പ്രതിഷേധം അവർ ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. മേയർ തിരഞ്ഞെടുപ്പിന് ശേഷമുള്ള അതൃപ്തി ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് കൗൺസിലറുടെ ഈ നിലപാട് സൂചിപ്പിക്കുന്നത്