ഇൻഡോറിൽ മലിനജനം കുടിച്ചുണ്ടായ അപകട സ്ഥലം സന്ദർശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളും ഐ സി എം ആര്‍ പ്രതിനിധികളും. അയ്യായിരത്തിലധികം വീടുകളില്‍ മലിനജലം എത്തിയതെന്നാണ് കണക്ക്. ഇതിൽ 1500ഓളം പേരാണ് അസുഖബാധിതരായി ആശുപത്രിയിലായത്. 16 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
സംഭവത്തിൽ ഇന്നലെ ഭഗീരത്പുര ഗ്രാമത്തിലെ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ മരണസംഖ്യ മധ്യപ്രദേശ് സർക്കാർ കൃത്യമായി നൽകുന്നില്ലെന്നാണ് പ്രതിപക്ഷ വിമർശനം. ഇരുന്നൂറിൽ അധികം പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്. ഇതിൽ 35 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
അതേസമയം, 2019ലെ കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറല്‍ റിപ്പോർട്ടിന് നേരെ അധികാരികൾ കണ്ണടച്ചതിന്റെ ഫലമാണ് ഇൻഡോറില്‍ മലിനജലം കുടിച്ച് ആളുകള്‍ മരിച്ചതെന്ന് എൻജിഒ പറഞ്ഞു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിലെ കുടിവെള്ള വിതരണ സംവിധാനത്തിലെ ക്രമക്കേടുകളെക്കുറിച്ച് സിഎജി റിപ്പോർട്ടില്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുണ്ടായതെന്ന് എൻജിഒ പറഞ്ഞിരുന്നു.