തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഹരിദാസ്(63) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കൊലക്കേസിൽ ജീവപര്യന്തം തടവിൽ കഴിഞ്ഞിരുന്നയാളാണ് ഹരിദാസ്. ജയിലിനകത്ത് കാർപ്പെൻ്ററി യൂണിറ്റിലായിരുന്നു ഇയാൾക്ക് ജോലി. ഇവിടേക്ക് പ്ലൈവുഡ് കെട്ടി കൊണ്ടുവന്ന കയറുമായി ഇയാൾ തൊട്ടടുത്തുള്ള ശുചിമുറിയിലേക്ക് കയറിപ്പോയി.
ഹരിദാസ് ശുചിമുറിയിലേക്ക് കയറിപ്പോകുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ലെന്നാണ് വിവരം. ഹരിദാസിനൊപ്പം കാർപ്പെൻ്ററി യൂണിറ്റിൽ ഉണ്ടായിരുന്നയാൾ ശുചിമുറി ഉപയോഗിക്കാനായി എത്തിയപ്പോഴാണ് ഹരിദാസിനെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് ജയിലധികൃതരെ വിവരം അറിയിച്ചു. ജയിൽ ജീവനക്കാർ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.