തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള വിഷയം തിരിച്ചടിയായെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രിക്കെതിരെയും യോഗത്തിൽ രൂക്ഷ വിമർശനമുണ്ടായി. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തെറ്റില്ലെങ്കിലും, മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനുമായി കാറിൽ എത്തിയതും യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിന്റെ രാഷ്ട്രീയവും ചോദ്യം ചെയ്യപ്പെട്ടു. എല്ലാം ഭരണത്തിന് വിട്ടുകൊടുത്ത് പാർട്ടി മാറിനിൽക്കുന്ന സമീപനമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന വിമർശനവും ഉയർന്നു.
തിരുവനന്തപുരം നഗരസഭയിലെ തോൽവിക്ക് വിഭാഗീയതയാണ് പ്രധാന കാരണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ലയിലെ പാർട്ടിയിൽ വിഭാഗീയത രൂക്ഷമാണെന്നും, അതാണ് നഗരസഭയിൽ പരാജയപ്പെടാൻ ഇടയായതെന്നും എസ്.പി. ദീപക് പറഞ്ഞു. സ്വീകാര്യതയുള്ള മുതിർന്ന നേതാവ് നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതും തിരിച്ചടിയായെന്ന് കരമന ഹരി അഭിപ്രായപ്പെട്ടു. സംഘടനാപരമായ ദൗർബല്യങ്ങളാണ് തോൽവിക്ക് കാരണമെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.
മേയർ ആര്യാ രാജേന്ദ്രന്റെ പ്രവർത്തനത്തെയും മുൻ മേയറും എംഎൽഎയുമായ വി.കെ. പ്രശാന്ത് വിമർശിച്ചു. മേയർ എന്ന നിലയിൽ ആര്യയുടെ പ്രവർത്തനം ജനകീയമല്ലായിരുന്നുവെന്നും, അത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ ഓഫീസുകളെതിരെയും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ മുന്നിൽ എംഎൽഎമാർ ഓഛാനിച്ച് നിൽക്കേണ്ട അവസ്ഥയാണെന്നായിരുന്നു ആരോപണം.