മാതാപിതാക്കളുമായി പിണങ്ങി വീടുവിട്ടറങ്ങിയ പതിനാറുകാരിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ


മാതാപിതാക്കളുമായി പിണങ്ങി വീടുവിട്ടറങ്ങിയ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കൈതപ്പൊയിൽ ചീനിപ്പറമ്പിൽ മുഹമ്മദ്‌ സാലിഹ്‌ (45), പുതുപ്പാടി വരുവിൽക്കാലായിൽ പി കെ ഷബീറലി എന്നിവരെയാണ്‌ ട‍ൗൺ അസി. കമീഷണർ ടി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടിച്ചത്‌.

മലപ്പുറത്ത്‌ നിന്ന്‌ 21ന്‌ പുലർച്ചെയാണ്‌ പെൺകുട്ടി കോഴിക്കോട്‌ ബീച്ചിലെത്തിയത്‌. തനിച്ചിരിക്കുന്ന പെൺകുട്ടിയെ രണ്ട്‌ യുവാക്കൾ സമീപിച്ചു. സംസാരത്തിൽ നിന്ന്‌ വീടുവിട്ടിറങ്ങിയതാണെന്ന്‌ മനസിലാക്കിയ ഇവർ കുട്ടിക്ക്‌ താമസവും ഭക്ഷണവും നൽകാമെന്ന്‌ വാഗ്ദാനം നൽകി കൂടെ കൂട്ടി. പന്തീരാങ്കാവിലെ ഫ്ലാറ്റിലെത്തിച്ച്‌ പെൺകുട്ടിയെ പ്രതികൾക്ക്‌ കൈമാറിയ ശേഷം കടന്നുകളഞ്ഞു.

ഫ്ലാറ്റിൽവെച്ച്‌ മയക്കുമരുന്ന്‌ നൽകിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ എത്തിച്ച്‌ ഇറക്കിവിടുകയും 4000 രൂപ നൽകുകയും ചെയ്തുവെന്ന്‌ പെൺകുട്ടി പൊലീസിന്‌ മൊഴി നൽകി. കുട്ടിയെ പിന്നീട്‌ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. പെൺകുട്ടിയെ പ്രതികൾക്ക്‌ കൈമാറിയവർക്കായുള്ള അന്വേഷണം തുടരുകയാണെന്ന്‌ പൊലീസ്‌ അറിയിച്ചു. സ്വർണം തട്ടിയെടുക്കലിനിടെ പുഴയിൽ ചാടി യുവാവ്‌ കൊല്ലപ്പെട്ട കേസിൽ പ്രതിയാണ്‌ പിടിയിലായ സാലിഹ്‌. സ്വർണ്ണക്കടത്തടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال