കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു: ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകൾ


തിരുവനന്തപുരം: ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടൂതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ജര്‍മ്മനിയിലെ ബാഡന്‍-വുട്ടംബര്‍ഗിലെ നെക്സ്റ്റ്ജെന്‍ സ്റ്റാര്‍ട്ടപ്പ് ഫാക്ടറിയുമായി കോവളത്ത് നടന്ന ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ 2025 ല്‍ ധാരാണാപത്രം ഒപ്പിട്ടു. 'ദി കേരള ഫ്യൂച്ചര്‍ ഫോറം' എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ വെച്ചാണ് കെഎസ്‌യുഎം സിഇഒ അനൂപ് അംബികയും ജര്‍മ്മനിയിലെ കാള്‍സ്രൂഹ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മേധാവി തോമസ് ന്യൂമാനും ചേര്‍ന്ന് കരാര്‍ ഒപ്പിട്ടത്.

ജര്‍മ്മനിയിലെ അഞ്ച് പ്രമുഖ സര്‍വകലാശാലകള്‍ ചേര്‍ന്നുള്ള കൂട്ടായ്മയാണ് നെക്സ്റ്റ്ജെന്‍ സ്റ്റാര്‍ട്ടപ്പ് ഫാക്ടറി. ഒരു ബില്യണ്‍ യൂറോയ്ക്ക് മുകളില്‍ മൂല്യമുള്ള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടും ഇവര്‍ക്കുണ്ട്. ഈ സഹകരണത്തിലൂടെ ജര്‍മ്മനിയിലും കേരളത്തിലുമായി ഏകദേശം 300 സ്റ്റാര്‍ട്ടപ്പുകള്‍ ഘട്ടം ഘട്ടമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് ഉള്‍പ്പെടെയുള്ള വിവിധ പിന്തുണകള്‍ ഈ സഹകരണത്തിലൂടെ ലഭ്യമാകും.

സര്‍ക്കാരിന്‍റെയും കേരളത്തിലെയും ജര്‍മ്മനിയിലെയും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെയും പങ്കാളിത്തത്തോടെ ഒരു സ്റ്റിയറിംഗ് കമ്മിറ്റിയും വര്‍ക്കിംഗ് ഗ്രൂപ്പും രൂപീകരിച്ച് പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകും. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കഴിവുള്ളവരെ കണ്ടെത്തി സുസ്ഥിരമായ പ്രതിഭാ ശൃംഖല രൂപപ്പെടുത്തുക എന്നതാണ് ഈ സഹകരണത്തിന്‍റെ പ്രധാന സവിശേഷത. ഇത് കേരളത്തിന്‍റെ വ്യവസായ രംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال