പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആലപ്പുഴ ജില്ലയില്‍ 19,881 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് ഇല്ലാതാക്കുന്നത്. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
തകഴി, പുന്നപ്ര സൗത്ത്, കാര്‍ത്തികപള്ളി, കരുവാറ്റ, നെടുമുടി, പുറക്കാട്, ചെറുതന, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുന്നതിനായി ദ്രുതകര്‍മ സേന സജ്ജമാക്കിയിട്ടുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ആലപ്പുഴയിലും കോട്ടയത്തുമാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ കോഴികള്‍ക്കും താറാവുകള്‍ക്കുമാണ് രോഗബാധ കണ്ടെത്തിയതെങ്കില്‍ കോട്ടയത്ത് കാടയ്ക്കും കോഴിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ക്രിസ്മസ് സീസണില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തുതുടങ്ങിയതോടെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.