'വിജ്ഞാന കേരളം'; കോഴിക്കോട് ജില്ലയില്‍ 13,478 തൊഴിലവസരങ്ങള്‍ കണ്ടെത്തി



കോഴിക്കോട്: സംസ്ഥാനത്തെ തൊഴില്‍ദാതാക്കളെയും തൊഴിലന്വേഷകരെയും ഏകോപിപ്പിച്ച് പുതിയ തൊഴില്‍ വിപ്ലവത്തിന് തുടക്കമിടുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിലൂടെ കോഴിക്കോട് ജില്ലയില്‍ 13,478 തൊഴിലവസരങ്ങള്‍ കണ്ടെത്തി. വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളെ ലക്ഷ്യമിട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴില്‍മേളകളും നടന്നുവരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 38 തൊഴില്‍ മേളകള്‍ നിലവില്‍ പൂര്‍ത്തിയായി. പ്രാദേശിക ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനവും നടക്കുന്നുണ്ട്. ഇവയിലൂടെയെല്ലാം ജില്ലയില്‍ 3,672 പേര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ചു. 1,293 പേരെ വിവിധ തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടികയിലും ഉള്‍പ്പെടുത്തി.

കോര്‍പ്പറേഷനില്‍ വി-ലിഫ്റ്റ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ നടക്കുന്നത്. ഒക്ടോബര്‍ 11ന് കല്ലൂത്താന്‍ കടവില്‍ പുതുതായി നിര്‍മിച്ച വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ വെച്ചാണ് കോര്‍പ്പറേഷന്‍തല ജോബ് ഫെയര്‍ നടക്കുന്നത്. ജില്ലയിലെ ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളിലെ ഒന്നാംഘട്ട ജോബ് ഫെയറുകള്‍ ഒക്ടോബര്‍ 23ന് പൂര്‍ത്തിയാകും. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല തൊഴില്‍ മേള ഒക്ടോബര്‍ 26ന് കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും നടക്കും.

ഇതിനകം കണ്ടെത്തിയവക്ക് പുറമെ കൂടുതല്‍ തൊഴിലുകള്‍ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ തുടരുകയാണ്. ഈ തൊഴിലുകളിലേക്ക് ആവശ്യമായ തൊഴിലന്വേഷകരെ കണ്ടെത്തുന്നതിനും കുറഞ്ഞത് 15,000 പേര്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനമാണ് ജില്ലയില്‍ നടന്നുവരുന്നതെന്ന് വിജ്ഞാന കേരളം ജില്ലാ കോഓഡിനേറ്റര്‍ ഡോ. എം ജി സുരേഷ് കുമാര്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ തന്നെ ലക്ഷ്യം മറികടക്കാനാവുമെന്നാണ് പ്രതീക്ഷ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال