കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുകുലുക്കിയ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവച്ച് മണിക്കൂറുകള്‍ക്കകം പ്രസിഡന്റ് റാം ചന്ദ്ര പൗഡലും സ്ഥാനമൊഴിഞ്ഞു. ഇതോടെ നേപ്പാള്‍ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. അല്‍പ സമയത്തിനകം സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
അഴിമതിയിയും ദുര്‍ഭരണവും ചൂണ്ടിക്കാട്ടി യുവതലമുറ പ്രക്ഷോഭത്തിനിറങ്ങി മണിക്കൂറുകള്‍ക്കകമാണ് പ്രധാനമന്ത്രി പ്രസിഡന്റും രാജിവെച്ചിരിക്കുന്നത്. ജെന്‍ സികളെന്ന് അവകാശപ്പെടുന്ന പ്രക്ഷോഭകര്‍ കര്‍ഫ്യൂ ലംഘിച്ച് സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നത് തുടരുകയും ചെയ്യുന്നതിനിടെയാണ് ഈ ഇരട്ട രാജി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിവാദപരമായ നിരോധനമാണ് ഈ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രക്ഷോഭങ്ങള്‍ രക്തരൂക്ഷിതമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഈ നിരോധനം പിന്‍വലിച്ചിരുന്നു.
പ്രക്ഷോഭത്തില്‍ 22 ഓളം പേര്‍ മരിച്ചതായാണ് വിവരം. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം ചൊവ്വാഴ്ചയും അയവില്ലാതെ തുടരുകയാണ്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികളും പാര്‍ലമെന്റ് കെട്ടിടവും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.
രാജ്യത്തെ പ്രതികൂല സാഹചര്യം കണക്കിലെടുത്തും ഒരു രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താന്‍ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നതെന്നായിരുന്നു കെ.പി ശർമ ഒലി തന്റെ രാജി കത്തില്‍ പറഞ്ഞത്.