കോഴിക്കോട് ബൈപ്പാസ്: നാലിടങ്ങളില്‍ സര്‍വീസ് റോഡായില്ല



കോഴിക്കോട്: രാമനാട്ടുകരമുതല്‍ വെങ്ങളംവരെയുള്ള ദേശീയപാത ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും നാലിടത്ത് ഇനിയും സര്‍വീസ് റോഡായില്ല. മലാപ്പറമ്പ് ജങ്ഷനില്‍നിന്ന് പാച്ചാക്കില്‍വരെ, നെല്ലിക്കോട് അഴാതൃക്കോവില്‍ ക്ഷേത്രത്തിനുസമീപം, ഹൈലൈറ്റ് മാള്‍, മെട്രോമെഡ് ആശുപത്രി എന്നിവിടങ്ങളിലാണ് സര്‍വീസ് റോഡ് നിര്‍മാണം ബാക്കിയുള്ളത്. മലാപ്പറമ്പില്‍നിന്ന് പാച്ചാക്കിലേക്കുള്ള സര്‍വീസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ വയനാട് ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് ദേശീയപാതയിലേക്ക് കടക്കണമെങ്കില്‍ തൊണ്ടയാട് എത്തണം. പക്ഷേ, അത്രയും ദൂരം പോവുന്നതിനു പകരം എതിര്‍വശത്ത് ഗോള്‍ഫ് ലിങ്ക് റോഡിലൂടെ വണ്‍വേ തെറ്റിച്ച് ദേശീയപാതയിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്.

80 മുതല്‍ 100 കിലോമീറ്റര്‍വരെ നിര്‍മിതവേഗത്തിലാണ് റോഡ് ഡിസൈന്‍ ചെയ്തത്. അതുകൊണ്ടുതന്നെ വണ്‍വേ തെറ്റിച്ച് ദേശീയപാതയിലേക്ക് കടക്കുമ്പോള്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്. ഇരുചക്രവാഹനങ്ങളടക്കം ഒരു നിയന്ത്രണവുമില്ലാതെ പ്രവേശിക്കുന്നുണ്ട്.
മലാപ്പറന്പ് ജങ്ഷനില്‍ അരക്കിലോമീറ്ററോളം ദൂരത്തിലാണ് സര്‍വീസ് റോഡ് ബന്ധിപ്പിക്കാതെ കിടക്കുന്നത്. മാത്രമല്ല, റോഡിന്റെ തുടക്കത്തില്‍മാത്രമേ വീതിയുള്ളൂ. ബാക്കി ഭാഗത്ത് ഒരു വാഹനത്തിന് കടന്നുപോവാനേ കഴിയൂ. ഇവിടെ സോയില്‍ നെയ്ലിങ്ങിനു പകരം കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കാനുള്ള രൂപരേഖയ്ക്ക് എന്‍എച്ച്എഐയുടെ അംഗീകാരം ലഭിക്കാന്‍ വൈകിയതാണ് സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്നാണ് കരാര്‍ കമ്പനിയായ കെഎംസി കണ്‍സ്ട്രക്ഷന്‍സ് പറയുന്നത്. രൂപകല്‍പ്പനയ്ക്ക് അംഗീകാരമായിട്ടുണ്ട്. ഉടന്‍ ബാക്കി പ്രവൃത്തികള്‍ ആരംഭിക്കും. അധികമായി ഒരു സര്‍വീസ് റോഡുകൂടി നിര്‍മിക്കുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് കരാറുകാര്‍ പറയുന്നത്.
മലാപ്പറന്പും െതാണ്ടയാടും കഴിഞ്ഞ് അല്പദൂരം പിന്നിട്ട് നെല്ലിക്കോട് അഴാതൃക്കോവില്‍ ക്ഷേത്രത്തിനു സമീപത്തും സര്‍വീസ് റോഡ് നിര്‍മാണം അപൂര്‍ണമാണ്. ഇവിടെ മൂന്നരമീറ്റര്‍ വീതിയേ സര്‍വീസ് റോഡിനുള്ളൂ. അതുകൊണ്ട് നിര്‍മാണം തടഞ്ഞിരിക്കുകയാണ്. സര്‍വീസ് റോഡ് നിര്‍മിക്കാന്‍ 15 മീറ്റര്‍ നീളത്തില്‍ സ്ഥലമെടുക്കണം.
ഹൈലൈറ്റ് മാളിനടത്തും മെട്രോമെഡ് ആശുപത്രിക്കടുത്തും സ്ഥലമില്ലാത്തതുതന്നെയാണ് സര്‍വീസ് റോഡ് നിര്‍മിക്കാന്‍ കഴിയാത്തതിനു കാരണം. ഇവിടെ സ്ഥലമെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചിട്ടേയുള്ളൂ. ഇതോടൊപ്പംതന്നെ പാലാഴി ജങ്ഷനിലെ മേല്‍പ്പാലം അവസാനിക്കുന്നിടത്ത് കുന്നിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ റോഡിന്റെ ഒരുഭാഗത്ത് ക്വാറി അവശിഷ്ടങ്ങള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് മിശ്രിതമിട്ട് സംരക്ഷണമൊരുക്കിയിരിക്കുകയാണ്. അതുകൊണ്ട് ഇവിടെ ആറുവരിപ്പാതയ്ക്ക് വീതി കുറവാണ്. ഒരുഭാഗത്ത് മൂന്നുവരി വേണ്ടിടത്ത് രണ്ടുവരിപ്പാതയുടെ വീതിപോലുമില്ല. അതുകൊണ്ട് എപ്പോഴും ഗതാഗതക്കുരുക്കാണിവിടെ. ഇവിടെ വീതികൂട്ടാനും സര്‍വീസ് റോഡ് പണിയാനും സ്ഥലമേറ്റെടുക്കണം. ഓഗസ്റ്റ് മുപ്പതിന് രാമനാട്ടുകരമുതല്‍ വെങ്ങളംവരെയുള്ള ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ ടോള്‍ പിരിവ് തുടങ്ങാനായിരുന്നു തീരുമാനം. പക്ഷേ, ഈ മാസംതന്നെ സര്‍വീസ് റോഡിന്റെ നിര്‍മാണം അടക്കമുള്ളവ പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال