കോഴിക്കോട്: അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാകാത്തവർക്ക് തുടരാനാവില്ലെന്ന സുപ്രീംകോടതി ഉത്തരവോടെ സംസ്ഥാനത്തെ അരലക്ഷത്തിലേറെ അധ്യാപകരാണ് ആശങ്കയിലായിരിക്കുന്നത്. ഈ മാസം ഒന്നാം തീയതിയാണ് TET സംബന്ധിച്ച സുപ്രീം കോടതി വിധി വന്നത്. 2009-ലെ വിദ്യാഭ്യാസ അവകാശനിയമം (ആർടിഇ) വരുന്നതിനുമുൻപ് അധ്യാപകരായവർക്കും ടെറ്റ് യോഗ്യത നിർബന്ധമാണെന്നാണ് കോടതിവിധി. ആരെയൊക്കെ, എങ്ങനെയൊക്കെയാണ് പുതിയ സുപ്രീംകോടതി വിധി ബാധിക്കുക എന്ന് വിശദമായി പരിശോധിക്കാം.
2027 സെപ്റ്റംബർ ഒന്നാണ് 5 വർഷമോ അതിൽ കൂടുതലോ സർവീസ് ശേഷിക്കുന്ന അധ്യാപകർ സുപ്രീംകോടതി വിധി പ്രകാരമുള്ള നിബന്ധനകൾ പാലിച്ചിരിക്കേണ്ട അവസാന തീയതി. 2025 സെപ്റ്റംബർ ഒന്നിലെ സുപ്രീംകോടതിവിധിയനുസരിച്ച് വിരമിക്കാൻ അഞ്ചുവർഷത്തിൽ താഴെമാത്രം കാലാവധിയുള്ള അധ്യാപകർക്ക് വിരമിക്കുന്നതുവരെ TET ഇല്ലാതെ സർവീസിൽ തുടരാം. എന്നാൽ ഇവർക്ക് TET നിർബന്ധമായ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല. കോടതി ഉത്തരവ് വന്ന തീയതി അനുസരിച്ച് വിരമിക്കാൻ അഞ്ച് വർഷമോ അതിൽ കൂടുതലോ ശേഷിക്കുന്നവർ നിങ്ങൾ 2 വർഷത്തിനുള്ളിൽ, അതായത് 2027 സെപ്റ്റംബർ ഒന്നിനകം TET പാസാകേണ്ടതാണ്. പരാജയപ്പെട്ടാൽ, ആനുകൂല്യങ്ങള്‍ വാങ്ങി നിര്‍ബന്ധിത വിരമിക്കല്‍ വേണ്ടിവരും.
NET, SET, M.Ed., Ph.D. മുതലായ ഉയർന്ന യോഗ്യതകൾ ഉണ്ടെങ്കിൽ പോലും, TET നിർബന്ധമായുള്ള ഒരു തസ്തികയിലേക്കും TET ഇല്ലാതെ സ്ഥാനക്കയറ്റം സാധ്യമാവില്ല. പുതിയതായി നിയമനം നേടുന്നവർക്ക് നിയമന സമയത്തുതന്നെ TET അല്ലെങ്കിൽ CTET യോഗ്യത ഉണ്ടായിരിക്കണം. ആദ്യം നിയമനവും പിന്നീട് TET യോഗ്യതയും എന്ന രീതി ഇനി അനുവദിക്കില്ല. NET, SET, M.Ed., Ph.D., M.Phil. തുടങ്ങിയ ബിരുദങ്ങൾ TET-ന് പകരമാവില്ലെന്നാണ് ഉയർന്ന യോഗ്യതകളെക്കുറിച്ച് നൽകുന്ന വിശദീകരണം. TET എന്നത് കുട്ടികളുടെ ബോധനശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രൊഫഷണൽ യോഗ്യതാ പരീക്ഷയാണ്. ഇത് അക്കാദമിക് ബിരുദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
അധ്യാപകർക്കുള്ള പ്രായോഗിക നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. വിരമിക്കൽ തീയതി പരിശോധിച്ച് ഏത് വിഭാഗത്തിലാണ് വരുന്നതെന്ന് കണ്ടെത്തണമെന്നതാണ് അതിൽ ആദ്യത്തേത്. 5 വർഷമോ അതിൽ കൂടുതലോ സർവീസ് ബാക്കിയുള്ളവരാണെങ്കിൽ അടുത്ത K-TET പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യുക. ഇതിനായി കേരള പരീക്ഷാഭവൻ/SCERT വിജ്ഞാപനങ്ങൾ പരിശോധിക്കണം. രണ്ട് വർഷത്തെ സമയപരിധിക്കുള്ളിൽ, ഒന്നോ രണ്ടോ ശ്രമത്തിനുള്ളിൽ TET പാസാകാൻ ലക്ഷ്യമിടുക. 5 വർഷത്തിൽ താഴെ സർവീസ് ബാക്കിയുള്ളവർക്ക് സർവീസിൽ തുടരാം, എന്നാൽ ഇതിനകം TET യോഗ്യത ഇല്ലെങ്കിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കരുതെന്നും കോടതി പറയുന്നു.
അഞ്ചുവർഷത്തിൽ താഴെയും, 5 വർഷമോ അതിൽ കൂടുതലോ സർവീസ് ശേഷിക്കുന്ന അധ്യാപകരെ തരംതിരിക്കുന്നതിനായി സർവീസ് ബുക്ക് ഓഡിറ്റ് നടത്തണമെന്ന് സ്കൂളുകൾക്കും നിർദേശമുണ്ട്. എല്ലാ സ്ഥാനക്കയറ്റ, നിയമന നടപടിക്രമങ്ങളിലും കോടതിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ 2027 സെപ്റ്റംബറിന് മുമ്പായി അധ്യാപകർക്ക് TET പരിശീലനത്തിനും പരീക്ഷയ്ക്കും സൗകര്യമൊരുക്കണമെന്നും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.