വായുവിലെ മലിനീകരണത്തിന്റെ അളവ് ഇനിയും കൂടുകയാണെങ്കില്‍ ഡൽഹി നിവാസികൾക്ക് അവരുടെ ആയുര്‍ ദൈര്‍ഘ്യം 8.2 വർഷം വരെ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ പുറത്തിറക്കിയ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് (AQLI) റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. ഡൽഹി ഇപ്പോഴും ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടുത്തെ സൂക്ഷ്മകണികകളായിട്ടുള്ള പദാർത്ഥങ്ങളുടെ (PM2.5) അളവ് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശത്തേക്കാൾ 20 മടങ്ങ് കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2023-ൽ നഗരത്തിൽ രേഖപ്പെടുത്തിയ PM2.5 സാന്ദ്രത ഒരു ക്യുബിക് മീറ്ററിന് 111.4 മൈക്രോഗ്രാം ആയിരുന്നു. ഇത് ലോകാരോഗ്യ സംഘടനയുടെ പരിധിയായ ഒരു ക്യുബിക് മീറ്ററിന് 5 മൈക്രോഗ്രാമിനേക്കാൾ 22 മടങ്ങ് കൂടുതലാണ്. മറ്റേതൊരു നഗരത്തെക്കാളും, വിഷലിപ്തമായ വായു കാരണം ഡൽഹി നിവാസികൾക്ക് ആയുർദൈർഘ്യത്തിൽ ഏറ്റവും വലിയ കുറവ് സംഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
ഡൽഹി ഉൾപ്പെടുന്ന ഇൻഡോ-ഗംഗാ സമതലം ഇപ്പോഴും ഏറ്റവും മലിനീകരിക്കപ്പെട്ട പ്രദേശമാണ്. വായു മലിനീകരണവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന ആരോഗ്യ പ്രശ്നങ്ങൾ ഇവിടെയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുക, വ്യാവസായിക മലിനീകരണം നിയന്ത്രിക്കുക, അയൽ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് തടയുക എന്നിവ തലസ്ഥാനത്തെ മലിനമായ വായുവിന്റെ ആഘാതങ്ങൾ സൃഷ്ടിക്കുന്നത് കുറയ്ക്കുന്നതിന് നിർണായകമാണെന്ന് വിദഗ്ധർ പറയുന്നു.
യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടാണ് AQLI 2025 റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് ഉപഗ്രഹങ്ങളിൽ നിന്ന് ലഭിച്ച PM2.5 ഡാറ്റയെ അടിസ്ഥാനമാക്കി ആഗോള, പ്രാദേശിക മലിനീകരണ നിലവാരങ്ങളും അവ മനുഷ്യന്റെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനവും വിലയിരുത്തുന്നു.