താനൂര്: താനൂര് മത്സ്യത്തുറമുഖത്ത് നിരോധനം മറികടന്നു പിടിച്ച 3500 കിലോ തിരിയന് ചമ്പാന് വിഭാഗത്തില്പ്പെടുന്ന ചെറുമീനുകള് ഫിഷറീസ് മറൈന് എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര് പിടിച്ചെടുത്തു. ചെറിയമീനുകളെ പിടിക്കുന്നത് മത്സ്യപ്രജനനത്തെ ബാധിക്കുമെന്നതിനാല് നിരോധിച്ചിട്ടുണ്ട്.
പിടിച്ചെടുത്ത ചെറുമീനുകളെ പുറംകടലില് നിക്ഷേപിക്കാനൊരുങ്ങുമ്പോള് ഒരു കൂട്ടം ആളുകള് ഉദ്യോഗസ്ഥരുടെ കൃത്യനിര്വഹണം തടസ്സപ്പെടുത്തി മീനുകള് തുറമുഖത്ത് ഉപേക്ഷിച്ചു പോവുകയായിരുന്നു.
മുനിസിപ്പല്, പബ്ലിക് ഹെല്ത്ത് നിയമങ്ങള്പ്രകാരം തുറമുഖത്ത് മാലിന്യപ്രശ്നം സൃഷ്ടിച്ചതിന് കൊങ്ങന്റെ ചെറുപുരയ്ക്കല് യൂനുസ് , മങ്കിച്ചിന്റെ പുരയ്ക്കല് അബ്ദുള്ളക്കോയ, കൊങ്ങന്റെ ചെറുപുരയ്ക്കല് നൗഷാദ്, പൊട്ടിന്റകത്ത് അന്സാര് എന്നിവരുടെ പേരില് നടപടിയെടുക്കാന് അധികൃതര് നഗരസഭാ സെക്രട്ടറിക്ക് നിര്ദേശം നല്കി.
താനൂര് ഫിഷറീസ് എക്സ്റ്റന്ഷന് ഓഫീസര് ടി. മുഹമ്മദ് സജീര്, കോസ്റ്റല് പോലീസ് എഎസ്ഐ മനോജ്, മറൈന് എന്ഫോഴ്സ്മെന്റ് വിങ് മനു ഫിഷറീസ്, റെസ്ക്യു ഗാര്ഡുകളായ നൗഷാദ്, ബാബു, ഫാറൂഖ്, ഫൈസല്, സലാം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.