ഒരേ ദിവസം രണ്ട് ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍



ഒരേ ദിവസം രണ്ട് ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി മലയാളത്തിന്റെ യുവനടന്‍ ഉണ്ണി മുകുന്ദന്‍. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ഇലക്ട്രിക് എന്നീ രണ്ട് വാഹനങ്ങളാണ് ഉണ്ണി മുകുന്ദന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്ന രണ്ട് ആഡംബര വാഹനങ്ങള്‍. ഇതില്‍ മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ഇലക്ട്രിക് ജെസിഡബ്ല്യു പാക്ക് കേരളത്തിലെ തന്നെ ആദ്യത്തെ വാഹനമാണെന്നതും സുപ്രധാന സവിശേഷതയാണ്.

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ മുമ്പുതന്നെ ഉണ്ണി മുകുന്ദന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ള വാഹനമാണ്. 1.09 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള പെട്രോള്‍ എന്‍ജിന്‍ ഡിഫന്‍ഡറാണ് പുതുതായി ഉണ്ണി മുകുന്ദന്റെ വാഹന ശേഖരത്തില്‍ എത്തിയ വാഹനമെന്നാണ് റിപ്പോര്‍ട്ട്. മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക് ജെസിഡബ്ല്യുവിന് 62 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
ഡിഫന്‍ഡര്‍ 110 പതിപ്പാണ് ഉണ്ണി മുകുന്ദന്‍ സ്വന്തമാക്കിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം 296 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡിഫന്‍ഡര്‍ മോഡലില്‍ കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന എച്ച്എസ്ഇ വേരിയന്റാണ് ഉണ്ണി മുകുന്ദനും സ്വന്തമാക്കിയിട്ടുള്ളത്. പത്ത് ഇഞ്ച് വലിപ്പത്തിലുള്ള പുതിയ പിവി പ്രോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിങ്ങനെ നീളും ഇതിലെ ഫീച്ചറുകള്‍.
കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫന്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ വാഹനം ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണ് ഡിഫന്‍ഡറിലുള്ളത്. ഡിഫന്‍ഡര്‍ 90, 110, 130 എന്നീ വകഭേദങ്ങളില്‍ ഈ വാഹനം എത്തുന്നുണ്ട്.
മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ജെഎസ്ഡബ്ല്യു ഇലക്ട്രിക് മോഡല്‍ ആദ്യമായി കേരളത്തിലെത്തിക്കുന്നത് ഉണ്ണി മുകുന്ദനാണ്. ഇന്ത്യയില്‍ തന്നെ 20 എണ്ണം എത്തുന്ന വാഹനത്തില്‍ ഒന്നാണ് നടന് ലഭിച്ചിരിക്കുന്നത്. ബ്ലാക്ക് ഫിനിഷിങ്ങില്‍ കേരളത്തില്‍ എത്തിയിട്ടുള്ള ഒരേയൊരു ഇലക്ട്രിക് കണ്‍ട്രിമാന്‍ ജെഎസ്ഡബ്ല്യുവും ഇതാണെന്നാണ് സൂചന. അഡാസ് ലെവല്‍-2 സുരക്ഷ സംവിധാനങ്ങളുടെ ഉള്‍പ്പെടെ സുരക്ഷ അകമ്പടിയോടെ എത്തുന്ന വാഹനമാണ് മിനിയുടെ ഈ ഇലക്ട്രിക് പതിപ്പ്.
201 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തില്‍ കരുത്തേകുന്നത്. മുന്നിലെ ആക്‌സിലിലാണ് മോട്ടോറിന്റെ സ്ഥാനം. ഈ വാഹനത്തിന്റെ ഓള്‍ 4 എസ്ഇ എന്ന പതിപ്പ് 494 എന്‍എം. ടോര്‍ക്ക് ഉത്പാദിപ്പിക്കും. ഉണ്ണി മുകുന്ദന്‍ സ്വന്തമാക്കിയിട്ടുള്ള പതിപ്പ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 462 കിലോമീറ്ററാണ് റേഞ്ച് നല്‍കുന്നത്. എസ്ഇ പതിപ്പ് 433 കിലോമീറ്റര്‍ റേഞ്ചും നല്‍കും. 8.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗമെടുക്കാനും ഈ വാഹനത്തിനാകും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال