കണ്ണൂര്‍: ഉളിക്കല്‍ മലയോര ഹൈവേയിലെ നുച്യാട് പാലത്തിന്റെ അരികില്‍ സ്ഥാപിച്ച ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ച അസം സ്വദേശികളായ രണ്ടുപേരെ പോലീസ് പിടിച്ചു. മുനവ്വിര്‍ അലി (25), ചനോവര്‍ ഹുസൈന്‍ (31) എന്നിവരാണ് പയ്യന്നൂരില്‍ അറസ്റ്റിലായത്. കഴിഞ്ഞമാസം 28-നാണ് പാലത്തില്‍നിന്ന് കേബിളുകള്‍ മോഷണം പോയത്. ഇതിനുശേഷം പോലീസ് വ്യാപകമായ പരിശോധന നടത്തുകയായിരുന്നു.
ആറുദിവസത്തിനുള്ളില്‍ വിവിധ പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതില്‍നിന്നാണ് മോഷ്ടാക്കളെ കുറിച്ചുള്ള സൂചന ലഭിച്ചത്. പകല്‍സമയങ്ങളില്‍ റോഡരികില്‍നിന്ന് കുപ്പിയും മറ്റും ശേഖരിക്കാനെന്ന വ്യാജേനയെത്തുന്ന ഇവര്‍ പ്രദേശത്ത് നിരീക്ഷണം നടത്തി രാത്രി കേബിളുകള്‍ മോഷ്ടിക്കുകയായിരുന്നു. തളിപ്പറമ്പ് ദേശീയപാതയിലും ഇതേ രീതിയില്‍ കേബിളുകള്‍ മോഷണം പോയതായി പരാതിയുണ്ടായിരുന്നു.
മോഷ്ടാക്കള്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പില്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ വാഹനം നുച്യാട് പാലത്തിലും കണ്ടതായി പോലീസിന് പരിശോധനയില്‍ വ്യക്തമായി. പരിശോധനയില്‍ പയ്യന്നൂരിലെ ഒരു വര്‍ക്ക് ഷോപ്പില്‍ ഒളിപ്പിച്ച നിലയില്‍ പിക്കപ്പ് ജീപ്പ് കണ്ടെത്തി. പോലീസിനെ വഴി തെറ്റിക്കാന്‍ പല സ്ഥലങ്ങളിലൂടെയും പ്രതികള്‍ സഞ്ചരിച്ചിരുന്നു. ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയബാബു, ഉളിക്കല്‍ സിഐ വി.എം.ഡോളി, എസ്‌ഐ ഷാജന്‍, പെരിങ്ങോം എസ്‌ഐ റൗഫ്, ഇരിട്ടി സ്റ്റേഷനിലെ സ്‌ക്വാഡംഗം ഷിജോയി, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രവീണ്‍ ഊരത്തൂര്‍, തോമസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.