കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കൊച്ചിയിലെ ക്യാറ്ററിങ് സ്ഥാപനത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തില്‍ ബ്രിന്ദാവൻ ഫുഡ് പ്രൊഡക്ട്സിനെതിരെ റെയിൽവേ. ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. അതേസമയം, ശുചിത്വമുള്ള ഭക്ഷണം ട്രെയിനുകളിൽ ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നാണ് ആഴ്ചകൾ പഴക്കമുള്ള ദുർഗന്ധം വമിക്കുന്ന ഭക്ഷണം പിടികൂടിയത്. അഴുകിയ മാംസം, പഴകിയ ദാൽ, മുട്ട, സമയപരിധി കഴിഞ്ഞ ചപ്പാത്തി എന്നിവയാണ് പിടികൂടിയത്. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ക്യാറ്ററിങ് സെന്‍ററിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. വന്ദേഭാരതിന്‍റെ പേരുള്ള ഭക്ഷണ പൊതികളും ഗ്ലാസുകളും പാക്കറ്റുകളും ഇവിടെ നിന്ന് കണ്ടെടുത്തു. ഭക്ഷണ പാക്കറ്റിലെ ക്യൂർ ആർ കോഡ് സ്കാൻ ചെയ്താൽ ഐ ആർ സി ടി സി ഭക്ഷണം വിതരണം ചെയ്യുന്ന വന്ദേഭാരത്, രാജധാനി അടക്കമുള്ള ട്രെയിനുകളുടെ മെനുവും ഉണ്ടായിരുന്നു.