ഓപ്പറേഷന്‍ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരവാദികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കാന്‍ പാകിസ്ഥാന്‍



ഓപ്പറേഷന്‍ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരവാദികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കാന്‍ പാകിസ്ഥാന്‍. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരനടക്കമുള്ള ഭീകരവാദികളുടെ കുടുംബങ്ങൾക്കാണ് പാകിസ്ഥാൻ സർക്കാർ സഹായം വാഗ്ദാനം ചെയ്തത്. ഇന്ത്യന്‍ സേന തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മാണം നടത്താനുള്ള ആലോചനയും പുരോഗമിക്കുകയാണ്. അതേസമയം ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരവാദികളെ വധിച്ചെന്ന് സൈന്യം സ്ഥിരീകരിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ ഭീകരവാദികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് പാക്ക് സർക്കാരിന്റെ നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ നഷ്ടപരിഹാര തുക നല്‍കുന്ന കാര്യം അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ധന സഹായം വിതരണം ചെയ്യുന്നതെന്നാണ് വിവരം. ഇന്ത്യന്‍ സേന തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മാണം നടത്തി പുന:സ്ഥാപിക്കാനും ആലോചനയുണ്ട്. ബഹാവല്‍പൂരിലെ തീവ്രവാദ കേന്ദ്രം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തിരുന്നു. ഈ ആക്രമണത്തിലാണ് അസര്‍ മുഹമ്മദിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവന്‍, ഭാര്യ, തുടങ്ങി നിരവധി പേർ കൊല്ലപ്പെട്ടത്.

അതേസമയം ഭീകര കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ പാക്കിസ്ഥാനിൽ അത്തരം കേന്ദ്രങ്ങൾ ഇല്ലെന്നായിരുന്നു ഭരണകൂടത്തിന്റെ വാദം. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നതോടെ പാക്കിസ്ഥാനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്.

അതിനിടെ ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരവാദികളെ വധിച്ചെന്ന് ഇന്ത്യ സൈന്യം സ്ഥിരീകരിച്ചു. ഏറ്റുമുട്ടലിൽ ലശ്കർ ഇ തൊയിബ ടിആർഎഫ് പ്രാദേശിക കമാൻഡർ ഉൾപ്പെടെ മൂന്ന് തീവ്രവാദിൾ കൊല്ലപ്പെട്ടു.ഈ മൂന്ന് പേരും മേഖലയിലെ സമീപകാല ഭീകര പ്രവർത്തനങ്ങളിൽ സജീവമായിരുന്നെന്നും ഇവരിൽനിന്ന് ആയുധങ്ങൾ അടക്കം കണ്ടെടുത്തതായും സൈന്യം വ്യക്തമാക്കി. വനമേഖലയിൽ സൈന്യവും പോലീസും ചേർന്ന സംയുക്ത ഓപ്പറേഷൻ തുടരുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال