കറുകച്ചാൽ : സംസ്ഥാനത്ത് തേൻ ഉത്പാദനത്തിൽ മുൻ വർഷത്തേക്കാൾ 50 ശതമാനത്തോളം കുറവ്. കാലാവസ്ഥാ വ്യതിയാനവും ഉയർന്ന ചൂടും കൂടിയ വേനൽമഴയുമെല്ലാം കാരണമായെന്ന് ഹോർട്ടികോർപ്പ്.
സംസ്ഥാനത്ത് ഹോർട്ടികോർപ്പിന്റെ കണക്കുപ്രകാരം 4800 തേനീച്ച കർഷകരാണ് ഉള്ളത്. രജിസ്റ്റർ ചെയ്യാത്തത് അടക്കം തേനീച്ച വളർത്തുന്ന 12,000-ത്തോളം കർഷകരുണ്ട്. ഇവരിൽനിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തേൻ ഉത്പാദനത്തിലെ കുറവ് കണ്ടെത്തിയത്. 15 കിലോ തേൻവരെ കിട്ടിയിരുന്ന പെട്ടികളിൽനിന്നും ഏഴുമുതൽ എട്ടുകിലോ തേനാണ് ഈവർഷം പലർക്കും കിട്ടിയത്.
മുൻവർഷത്തെ അപേക്ഷിച്ച് തേൻ ഉത്പാദനം ഓരോവർഷവും കുറയുന്നതായി കർഷകരും പറയുന്നു. ജനുവരി 15 മുതൽ മാർച്ച് 15 വരെയാണ് പ്രധാനമായും തേൻ വിളവെടുപ്പ് കാലം. പ്രാദേശികമായി വിൽക്കുമ്പോൾ ഒരുകിലോ തേനിന് 350 മുതൽ 400 രൂപ വരെ ലഭിക്കും. ഈച്ചയടക്കം ഒരു പെട്ടി സ്ഥാപിക്കുന്നതിന് 1500 രൂപയോളം ചെലവുണ്ട്. 190 രൂപയാണ് ഹോർട്ടി കോർപ്പ് ഒരു കിലോ തേനിന് കർഷകർക്ക് നൽകുന്നത്. ചെറുതേനിന് മൂവായിരം രൂപയോളം വിലയുണ്ട്. തേൻ ഉത്പാദനത്തിൽ ഏഴാം സ്ഥാനമുള്ള രാജ്യമാണ് ഇന്ത്യ. കേരളവും തമിഴ്നാടുമാണ് രാജ്യത്ത് മുന്നിൽ.
ഉത്പാദനം കുറയാൻ കാരണമേറെ
കേരളത്തിൽ റബ്ബർ മരങ്ങളിൽനിന്നാണ് ഈച്ച കൂടുതൽ തേൻ ശേഖരിക്കുന്നത്. തോട്ടങ്ങളുടെ വിസ്തൃതി കുറഞ്ഞതും റബ്ബറിന്റെ പരിചരണം കുറഞ്ഞതും തേൻ ഉത്പാദനത്തെ ബാധിച്ചു
അമിത ചൂട് ഉത്പാദനത്തെ ബാധിച്ചു.
ഇടവിട്ട വേനൽമഴയും ഈ വർഷം വിനയായി.
കളനാശിനി, കീടനാശിനി പ്രയോഗം കൂടുന്നത് പൂക്കളെയും തേനീച്ചകളെയും ദോഷകരമായി ബാധിക്കുന്നു.