സ്പെയിനിലും പോര്‍ച്ചുഗല്ലിലും വൈദ്യുതി മുടക്കം; രാജ്യത്ത് വിമാന സര്‍വീസുകൾ മുടങ്ങി



മാഡ്രിഡ്: സ്പെയിനിലും പോര്‍ച്ചുഗല്ലിലും ജനങ്ങളെ ഇരുട്ടിലാക്കി വൈദ്യുതി മുടക്കം. നീണ്ട വൈദ്യുതി മുടക്കം രാജ്യത്ത് വലിയ ഗതാഗതക്കുരുക്കിനും വിമാന സര്‍വീസുകൾ മുടങ്ങുന്നതിനും കാരണമായി. വൈദ്യുതി ഗ്രിഡിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഗ്രിഡ് പുനസ്ഥാപിക്കാൻ യൂട്ടിലിറ്റി ഓപ്പറേറ്റര്‍മാര്‍ കഠിന പരിശ്രമം തുടരുകയാണ്. നിരവധി പേര്‍ മണിക്കൂറുകൾ ട്രെയിനിൽ കുടുങ്ങി കിടക്കുകയാണ്. 

വടക്കുകിഴക്കൻ സ്പെയിനുമായി അതിർത്തി പങ്കിടുന്ന ഫ്രാൻസിന്റെ ഒരു ഭാഗവും പ്രതിസന്ധി നേരിടുന്നുണ്ട്. ഗുരുതര സാഹചര്യം കണക്കിലെടുത്ത സ്പാനിഷ്, പോർച്ചുഗീസ് സർക്കാരുകൾ അടിയന്തര മന്ത്രിസഭാ യോഗങ്ങൾ ചേര്‍ന്നു. ഐബീരിയൻ പെനിൻസുലയിലുടനീളം വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായി പോർച്ചുഗലിന്റെ യൂട്ടിലിറ്റി കമ്പനിയായ റെൻ സ്ഥിരീകരിച്ചു.

 ഇത് ഫ്രാൻസിന്റെ ഒരു ഭാഗത്തെയും ബാധിച്ചു. അതേസമയം സ്പാനിഷ് ഗ്രിഡ് ഓപ്പറേറ്ററായ റെഡ് ഇലക്ട്രിക്ക വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി പ്രാദേശിക ഊർജ്ജ കമ്പനികളുമായി ചേര്‍ന്ന് സംവിധാനങ്ങൾ ഒരുക്കിയതായി പ്രതികരിച്ചു. യൂറോപ്യൻ ഊർജ്ജ ഉൽപ്പാദകരുമായും ഓപ്പറേറ്റർമാരുമായും ഏകോപിപ്പിച്ച്, ഘട്ടം ഘട്ടമായുള്ള ഊർജ്ജ വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികളും സജീവമാക്കി വരികയാണെന്ന് റെൻ വക്താവ് അറിയിച്ചു.


മാഡ്രിഡിലെ തെരുവുകളിലെ ഓഫീസ് കെട്ടിടങ്ങൾക്ക് പുറത്ത് നൂറുകണക്കിന് ആളുകൾ നിൽക്കുകയാണ്. പ്രധാന കെട്ടിടങ്ങൾക്ക് ചുറ്റും കനത്ത പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഗതാഗതത്തിന് ഇവിടങ്ങളിൽ നിയന്ത്രണമുണ്ട്. മാഡ്രിഡിൽ ബ്രിട്ടീഷ് എംബസി അടക്കം സ്ഥിതി ചെയ്യുന്ന കെട്ടിടം താൽക്കാലികമായി ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു. രാജ്യത്തുടനീളമുള്ള ട്രാഫിക് സംവിധാനങ്ങളെ വൈദ്യുതി മുടക്കം ബാധിച്ചു. ലിസ്ബണിലും പോർട്ടോയിലും മെട്രോ അടച്ചു, ട്രെയിനുകൾ ഓടുന്നില്ലെന്നും പോർച്ചുഗീസ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ പറയുന്നു. സ്പെയിനിലെ 46 വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്ന എഇഎൻഎ രാജ്യത്തുടനീളം വിമാന സർവീസുകൾ വൈകിയതായി അറിയിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال