അനധികൃതമായി പാചക സിലിണ്ടറുകൾ സൂക്ഷിച്ച ബിജെപി നേതാവ് പിടിയിൽ. കോഴിക്കോട്, ഉള്ളിയേരി മണ്ഡലം ജനറൽ സെക്രട്ടറി ജയൻ കെ ജോസാണ് പിടിയിലായത്. പാചക സിലിണ്ടറിൽ നിന്ന് വാതകം നിറച്ച് വാണിജ്യ ആവശ്യങ്ങൾക്കായി ഇരട്ടിവിലയ്ക്ക് നൽകുന്നതാണ് ഇയാളുടെ രീതി. ചൊവ്വാഴ്ച പുലർച്ചെ കോഴിക്കോട് കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന വാടക വീട്ടിൽ നിന്നാണ് 52 പാചക സിലിണ്ടറുകൾ കണ്ടെത്തിയത്.
ബിജെപി ഉള്ളിയേരി മണ്ഡലം സെക്രട്ടറിയായ ജയൻ കെ ജോസ് താമസിക്കുന്ന വീട്ടിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച നിലയിൽ പാചക സിലിണ്ടറുകൾ കണ്ടത്. ഏറെക്കാലം ജയൻ വീട്ടിൽ നിന്ന് അനധികൃതമായി സിലിണ്ടറുകൾ കച്ചവടം ചെയ്യുന്നുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച സിലിണ്ടറുകൾ പിടികൂടിയത്.
ഗ്യാസ് നിറക്കാൻ ഉപയോഗിക്കുന്ന റീഫിൽ മിഷീനും കണ്ടെത്തിയിട്ടുണ്ട്. 32 കാലി സിലിണ്ടറുകളും 20 വാതക സിലിണ്ടറുകളുമാണ് കണ്ടെടുത്തത്. നിയമപ്രകാരം അളവിൽ കൂടുതൽ പാചക സിലിണ്ടറുകൾ വീട്ടിൽ സൂക്ഷിക്കുന്നത് കുറ്റകരമാണെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത് പറഞ്ഞു. വലിയ ആപത്തിൽ നിന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ ഫലപ്രദമായ ഇടപെടൽ വഴി ഒഴിവായത്. സിലിണ്ടറുകളിൽ വാതകം നിറക്കുന്നതിനിടെ സ്ഫോടനം സംഭവിച്ചിരുന്നുവെങ്കിൽ പ്രദേശം ഒന്നാകെ തന്നെ നാമാവിശേഷമാകുമായിരുന്നു. റേഷനിംഗ് ഇൻസ്പെക്ടർമാരായ നാരായണൻ, ബിജു, ബീന, സുനിൽകുമാർ, ശ്രീജ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വൈകാതെ തന്നെ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും, ശേഷമാകും തുടർനടപടിയെന്ന് അന്വേഷണസംഘം പറഞ്ഞു.