പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാനെതിരെ ഐക്യരാഷ്ട്ര സഭയിൽ ആഞ്ഞടിച്ച് ഇന്ത്യ



പഹൽഗാമിൽ 26 സാധാരണക്കാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഐക്യരാഷ്ട്ര സഭയിൽ ആഞ്ഞടിച്ച് ഇന്ത്യ. ആഗോള ഭീകരവാദത്തിന് ഇന്ധനം നൽകുന്ന തെമ്മാടി രാഷ്ട്രമാണ് പാകിസ്ഥാനെന്നും ഭീകരവാദത്തെ പിന്തുണച്ചിട്ടുണ്ട് എന്ന പാക് പ്രതിരോധ മന്ത്രിയുടെ കുറ്റസമ്മതത്തിൽ അതിശയമൊന്നുമില്ലെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി യോജ്ന പട്ടേൽ തുറന്നടിച്ചു.

പാകിസ്താന്‍റെ ഭീകരബന്ധത്തിൽ ആർക്കും കണ്ണടയ്ക്കാനാകില്ലെന്നും യോജ്ന പട്ടേൽ പറഞ്ഞു. ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നതിനെയും ഇന്ത്യ ചൂണ്ടിക്കാണിച്ചു.

അതേസമയം, ഇസ്ലാമാബാദ് അതിജാഗ്രതയിൽ ആണെന്നും നിലനിൽപ്പിന് ഇന്ത്യയുടെ ഭീഷണി ഉണ്ടെങ്കിൽ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രി വ്യക്തമാക്കി. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരെ കടുത്ത പ്രകോപനങ്ങൾ പാകിസ്ഥാൻ ഭരണകൂടം നടത്തുന്ന പശ്ചാത്തലത്തിലാണ് നവാസ് ഷെരീഫിന്റെ പ്രതികരണം.

പാകിസ്ഥാന് ആയുധ സഹായം നല്‍കിയെന്ന് വാര്‍ത്തകള്‍ തള്ളി തുര്‍ക്കിയും രംഗത്തെത്തി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും പ്രസിഡന്‍റ് രജബ് തയ്യിബ് ഉര്‍ദോഗന്‍ പറഞ്ഞു. ഇന്ത്യയുടെ വ്യോമാക്രമണ നീക്കങ്ങൾ നിരീക്ഷിക്കാൻ പാകിസ്ഥാൻ അതിർത്തിയായ സിയാൽ കോട്ട് സെക്ടറിൽ റഡാർ സംവിധാനങ്ങൾ വിന്യസിച്ചു. ഇന്ത്യയുടെ വ്യോമപാത തടഞ്ഞ പാകിസ്ഥാൻ നടപടിക്ക് പിന്നാലെ പാകിസ്ഥാന്റെ വിമാനങ്ങൾക്കും കപ്പലുകൾക്കും അനുമതി നിഷേധിക്കാനും ഇന്ത്യ നീക്കം തുടങ്ങിയേക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال