കോഴിക്കോട്: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറക്കി. ഇലക്‌ട്രിക് വാഹനങ്ങൾക്കും 15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് നികുതിയിൽ വർധനയുണ്ടായിട്ടുള്ളത്.
15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകൾക്ക് 3200 രൂപയും 750 കിലോഗ്രാം മുതൽ 1500 വരെയുള്ള കാറുകൾക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങൾക്ക് 5300 രൂപയുമാണ് വർധിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റർചെയ്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളിൽ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു. സ്റ്റേജ് വാഹനങ്ങളുടെ നികുതിയിൽ കുറവുവന്നിട്ടുണ്ട്.