ദില്ലി: സ്ത്രീയെ കന്യകത്വ പരിശോധനയ്ക്ക് വിധേയയാക്കാൻ നിർബന്ധിക്കരുതെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. കന്യകത്വ പരിശോധനക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹൈക്കോടതി വിധിച്ചു. കന്യകത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് മൗലികാവകാശങ്ങൾക്കും സ്വാഭാവിക നീതിയുടെ തത്വങ്ങൾക്കും സ്ത്രീയുടെ സ്വകാര്യതക്കും എതിരായിരിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. മൗലികാവകാശങ്ങളുടെ കാതലായ ആര്‍ട്ടിക്കിള്‍ 21ന്‍റെ ലംഘനമാണെന്നും കോടതി ഊന്നിപ്പറഞ്ഞു.
ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ നിരീക്ഷണം. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് ചോദ്യം ചെയ്തത്. ഭർത്താവ് ബലഹീനനാണെന്നും ഒരുമിച്ച് ജീവിക്കാൻ വിസമ്മതിച്ചുവെന്നും ഭാര്യയും ആരോപിച്ചിരുന്നു.