കേന്ദ്ര ധനമന്ത്രിയുമായി മുഖ്യമന്ത്രി ഇന്ന് ഡൽഹി കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തും

ഡൽഹി:  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ച ഇന്ന്. ഡൽഹി കേരള ഹൗസിൽ രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച. കേരളത്തിന്റെ വികസന മേഖലകളിൽ മെച്ചപ്പെട്ട സഹായം നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്ന് നിർമലാ സീതാരാമൻ അറിയിച്ചിരുന്നു. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായുള്ള ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സഹായം ഇതുവരെ പൂർണമായി ലഭിച്ചിട്ടില്ലെന്ന് കെ.വി. തോമസ് മന്ത്രിയെ അറിയിച്ചു.525 കോടി രൂപയുടെ കടസഹായം മാർച്ച് 31-മുൻപ്‌ പൂർണമായി ചെലഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രത്യേക പരിഗണന ഈ തുക ചെലവഴിക്കുന്ന കാര്യത്തിൽ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്രസാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ചർച്ച നടക്കുകയാണെന്ന് ധനമന്ത്രി അറിയിച്ചു. കേരളത്തിന് അതിവേഗ റയിൽവേ സംവിധാനം നടപ്പാക്കുന്നതിന് ഇ. ശ്രീധരൻ നൽകിയിട്ടുള്ള പദ്ധതികൾ പരിശോധിച്ച് നടപടികളെടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال