ഡൽഹി: ജമ്മു കശ്മീരിൽ രണ്ട് സംഘടനകളെ അഞ്ച് വർഷത്തേക്ക് നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മിർഡവായിസ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മറ്റി (എഎസി), മസ്രൂർ അബ്ബാസ് അൻസാരി നേതൃത്വം നൽകുന്ന ജമ്മു- കശ്മീർ ഇത്തിഹാദുൽ മുസ്ലിമീൻ (ജെകെഐഎം) എന്നീ സംഘടനകൾക്കാണ് 1967-ലെ യുഎപിഎ നിയമം അനുസരിച്ച് അഞ്ച് വർഷത്തെ നിരോധനം ഏർപ്പെടുത്തിയത്.
ഈ സംഘടനകൾ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പുകളിൽ പറഞ്ഞു. എഎസിയിലെയും ജെകെഐഎമ്മിലെയും അംഗങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ നടത്തുകയും ജമ്മു കശ്മീരിലെ വിഘടനവാദ പ്രസ്ഥാനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുകയും ചെയ്യുന്നുവെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
അക്രമപ്രേരണ, ഇന്ത്യൻ ഭരണകൂടത്തിനെതിരെ വിദ്വേഷം വളർത്തൽ, സായുധ ആക്രമണങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ഈ സംഘടനകൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ച് വർഷത്തേക്കുള്ള വിലക്ക് ഉടൻ പ്രാബല്യത്തിൽ വരും. ദേശീയ സുരക്ഷയ്ക്ക് ദോഷകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങളെ തടയാൻ നിരോധനം ആവശ്യമാണെന്നും കേന്ദ്രസർക്കാർ അറിയിപ്പിൽ പറഞ്ഞു.