വ്യാപക പ്രതിഷേധത്തിന് പിന്നാലെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ സ്വന്തം നിലയില്‍ മാറ്റം വരുത്താന്‍ സെന്‍സര്‍ബോര്‍ഡിനെ സമീപിച്ച് നിര്‍മാതാക്കള്‍. കലാപദൃശ്യങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമടക്കം 17 ഭാഗങ്ങളില്‍ മാറ്റം വരുത്തുകയും ചിലപരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യും ഒപ്പം വില്ലന്റെ പേരും മാറ്റും. തിങ്കളാഴ്ചയോടെയാണ് വോളന്ററി മോഡിഫിക്കേഷന്‍ പൂര്‍ത്തിയാവുക.
സിനിമയ്ക്കെതിരേ സംഘപരിവാര്‍, ബിജെപി കേന്ദ്രങ്ങളില്‍നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ ഉള്ളടക്കം ശ്രദ്ധിക്കുന്നതില്‍ ആര്‍എസ്എസ് നോമിനികളായവര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു പലരുടെയും ആരോപണം. സ്ത്രീകള്‍ക്കെതിരായ അതിക്രമരംഗം, ദേശീയപതാകയെക്കുറിച്ചുള്ള പരാമര്‍ശം എന്നീ രണ്ട് ഭാഗങ്ങള്‍ക്ക് ഉള്‍പ്പെടുന്ന രണ്ട് മിനിറ്റ് മാത്രമാണ് മാറ്റാന്‍ നിര്‍ദേശമുണ്ടായിരുന്നത്. സംഘപരിവാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സെന്‍സര്‍ ബോര്‍ഡിലുണ്ടായിരുന്നു.
എന്നാല്‍, സിനിമയ്‌ക്കെതിരേ ബിജെപി പരസ്യമായി രംഗത്ത് വന്നിട്ടില്ല. കഴിഞ്ഞദിവസത്തെ കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം എമ്പുരാന്‍ എന്നല്ല ഒരുസിനിമയെയും എതിര്‍ക്കുന്നില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് എം.ടി.രമേശിന്റെയും പ്രതികരണം. എമ്പുരാന്‍ സിനിമ താന്‍ കാണുമെന്നും സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നും അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും പ്രതികരിച്ചിരുന്നു. അതേസമയം മാര്‍ച്ച് 27-ന് റിലീസ് ചെയ്ത ചിത്രം രാഷ്ട്രീയവിവാദങ്ങള്‍ക്കിടയിലും വമ്പന്‍ കളക്ഷനാണ് നേടുന്നത്.