കൊച്ചി: എറണാകുളം പള്ളിക്കരയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണ് വീട് തകർന്നു. മുട്ടം തോട്ടച്ചിൽ ജോമോൻ മാത്യുവിന്റെ വീടാണ് തകർന്നത്. വീടിന്റെ രണ്ട് മുറികൾ പൂർണമായും തകർന്നു. വീട്ടിലുള്ളവർ ഭക്ഷണം കഴിക്കുന്നതിനിടെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്.വീട്ടിലുണ്ടായിരുന്നവർ അൽപം സുരക്ഷിതമായ ഇടത്താണ് ഇരുന്നതെന്നതു കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.
വീടിന്റെ പുറകു വശത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. കിടപ്പുമുറിയടക്കം രണ്ട് മുറികൾ പൂർണമായും തകർന്നു. അലമാല, കട്ടിൽ, ജനാല തുടങ്ങിയ സാധനങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.ഇന്നും സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്.

ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
