വടകര: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ മൂന്നു ദിവസമായി സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. കെ.കെ.രമ എംഎല്‍എയുമായി തൊഴിലാളികള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഈ റൂട്ടില്‍ വെള്ളക്കെട്ടും കുഴികളുമാണെന്നും ഇത് പരിഹരിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫിസറുമായി എംഎല്‍എ നടത്തിയ ചര്‍ച്ചയില്‍ പാതയിലെ വലിയ കുഴികള്‍ രണ്ടു ദിവസത്തിനകം അടച്ച് ഗതാഗത യോഗ്യമാക്കാമെന്ന് ഉറപ്പു നല്‍കി. കൂടാതെ വടകര പെരുവാട്ടും താഴ ജംഗ്ഷനില്‍ പഴയ സ്റ്റാന്‍ഡിലേക്കുള്ള റോഡിലേക്ക് യു ടേണ്‍ എടുക്കുന്ന സ്ഥലത്തുണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാന്‍ പാലത്തിന് അടിയിലൂടെ വഴിയൊരുക്കാനുള്ള നടപടികള്‍ പരിശോധിച്ച് സ്വീകരിക്കും. പയ്യോളിയില്‍ പണി പൂര്‍ത്തിയായ പാതയില്‍ രണ്ടു വശത്തേക്കുമുള്ള ഗതാഗതം നടപ്പിലാക്കുന്ന കാര്യവും പരിശോധിക്കും. ഇപ്പോള്‍ സര്‍വീസ് റോഡ് വഴിയുള്ള യാത്ര വലിയ ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്. ദേശീയപാതയിലെ വെള്ളക്കെട്ട് അടക്കമുള്ള വിഷയങ്ങളില്‍ അടിയന്തിരമായി പരിഹാരം കാണുമെന്നും ദേശിയ പാത അതോറിറ്റി അറിയിച്ചു.
സമരം തുടങ്ങിയ ഘട്ടത്തില്‍ തന്നെ വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ എംഎല്‍എ മുന്‍കൈ എടുത്തിരുന്നു. നേരത്തെ ആര്‍ഡിഒ ഓഫീസില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ബന്ധപ്പട്ട വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ഇത് സംബന്ധിച്ചു എംഎല്‍എ വിളിച്ചു ചേര്‍ത്തിരുന്നു. കഴിഞ്ഞയാഴ്ച ഈ വിഷയം എംഎല്‍എ നിയമസഭയിലും അവതരിപ്പിച്ചിരുന്നു. വകുപ്പുതലത്തിലുള്ള ഇടപെടലുകളും വേഗത്തിലാക്കുമെന്ന് തൊഴിലാളി സംഘടനപ്രതിനിധികളെ എംഎല്‍എ അറിയിച്ചു.


